
വിമാനത്തിനുള്ളിൽ പൂർണ നഗ്നയായി യുവതി. തിങ്കളാഴ്ച്ച നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹൂസ്റ്റണിലെ വില്യം പി. ഹോബി വിമാനത്താവളത്തിൽ നിന്നും ഫീനിക്സിലേക്കുള്ള സൗത്ത് വെസ്റ്റ് വിമാനത്തിലാണ് സംഭവം. യാത്രക്കാരുടെ മുന്നിൽ വച്ചാണ് യുവതി സ്വയം വിവസ്ത്രയായത്. വസ്ത്രങ്ങൾ അഴിച്ചുമാറ്റിയ യുവതി ബോയിങ് 737 വിമാനത്തിന്റെ ഇടനാഴിയിലൂടെ നഗ്നയായി ഓടുകയും ചെയ്തു. നഗ്നയായ യുവതി കോക്പിറ്റിൽ പ്രവേശിക്കാനും ശ്രമിച്ചു. എന്നാൽ, വിമാന ജീവനക്കാർ അതിന് അനുവദിച്ചില്ല.
ഹൂസ്റ്റൺ പൊലീസ് ഉദ്യോഗസ്ഥർ യുവതിയെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയി. എന്നാൽ കേസെടുക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് സൗത്ത് വെസ്റ്റ് എയർലൈൻസ് പ്രസ്താവന ഇറക്കി. "ഹൂസ്റ്റണിൽ നിന്ന് ഫീനിക്സിലേക്കുള്ള ഫ്ലൈറ്റ് 733, തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഒരു യാത്രക്കാരി കാരണം ഗേറ്റിലേക്ക് മടങ്ങി. കാലതാമസത്തിന് ഞങ്ങൾ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നു" പ്രസ്താവനയിൽ എയർലൈൻസ് അറിയിച്ചു. അതേസമയം, യുവതിയുടെ വിചിത്രമായ പെരുമാറ്റത്തിന് പിന്നിലെ കാരണം വ്യക്തമല്ല.











