08:01am 31 July 2026
NEWS
സ്ത്രീധന പീഡനം സഹിക്കാനാകാതെ സർക്കാർ സ്കൂൾ അധ്യാപിക ജീവനൊടുക്കി
31/07/2026  06:38 AM IST
nila
സ്ത്രീധന പീഡനം സഹിക്കാനാകാതെ സർക്കാർ സ്കൂൾ അധ്യാപിക ജീവനൊടുക്കി

ഡെറാഡൂൺ: ഭർതൃവീട്ടുകാരുടെ പീഡനം സഹിക്കാനാകാതെ സർക്കാർ സ്കൂൾ അധ്യാപിക ജീവനൊടുക്കി. ഉത്തരാഖണ്ഡിലാണ് സംഭവം. ഡെറാഡൂണിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഡോയ്‌വാലയിലെ വീട്ടിലാണ് സൃഷ്ടി കാണ്ഡാരി (24) തൂങ്ങിമരിച്ചത്. സ്ത്രീധനത്തിന്റെ പേരിലും അന്ധവിശ്വാസപരമായ അധിക്ഷേപങ്ങളിലൂടെയും ഭർതൃവീട്ടുകാർ പീഡിപ്പിച്ചു എന്നാണ് ആരോപണം. മരണത്തിന് തൊട്ടുമുമ്പ് സൃഷ്ടി റെക്കോർഡ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഏകദേശം 90 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ ആദ്യം കരഞ്ഞുകൊണ്ടിരിക്കുന്ന സൃഷ്ടി, പിന്നീട് അമ്മയോട് ക്ഷമ ചോദിച്ചുകൊണ്ട് കഴിഞ്ഞ ആറുമാസമായി അനുഭവിച്ച മാനസിക പീഡനങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. വിവാഹശേഷം ഉണ്ടായ എല്ലാ പ്രശ്നങ്ങൾക്കും തന്നെ കുറ്റപ്പെടുത്തുകയായിരുന്നുവെന്നും, "ശപിക്കപ്പെട്ടവൾ", "ദുശ്ശകുനം" തുടങ്ങിയ അധിക്ഷേപങ്ങൾ നിരന്തരം കേൾക്കേണ്ടിവന്നെന്നും ഇനി അതെല്ലാം സഹിക്കാൻ കഴിയില്ലെന്നുമാണ് വിഡിയോയിൽ പറയുന്നത്.

കഴിഞ്ഞ നവംബറിലാണ് സൃഷ്ടി സർക്കാർ ജീവനക്കാരനായ സൗരഭ് റാത്തൂറിനെ വിവാഹം കഴിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് സൃഷ്ടിയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു.

സംഭവത്തിൽ പൊലീസ്, ഫോറൻസിക് സംഘം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയതായും അധികൃതർ അറിയിച്ചു. സ്ത്രീധന മരണവുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ഭർത്താവ് സൗരഭ് റാത്തൂർ, ഭർതൃമാതാവ് പർവിൻ, ഭർതൃസഹോദരി ചാരു എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഡോയ്‌വാല സർക്കിൾ ഓഫിസർ വന്ദന വർമ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img