
സ്ത്രീ സുരക്ഷയുടെ യഥാർത്ഥ അവസ്ഥയെന്തെന്ന് നേരിട്ട് മനസിലാക്കാൻ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ രാത്രിയിൽ സിവിൽ ഡ്രസിൽ ബസ്റ്റാൻഡിലെത്തി. മൂന്നു മണിക്കൂറിനിടെ നാൽപതോളം പുരുഷന്മാരാണ് ഒപ്പം കൂട്ടിക്കൊണ്ടു പോകാനായി ഇവരെ സമീപിച്ചത്. ഹൈദരാബാദിലെ തിരക്കേറിയ ദിൽസുഖ്‌നഗർ ബസ് സ്റ്റാൻഡിലാണ് മൽക്കാജ്ഗിരി പൊലീസ് കമ്മീഷണർ വി. സുമതി ഐ.പി.എസ് രാത്രിയിൽ എത്തിയത്. എന്നാൽ, മൂന്നു മണിക്കൂറിനിടെ ഇവർ പൊലീസ് ഉദ്യോഗസ്ഥയാണെന്ന് തിരിച്ചറിയാതെ നാൽപതോളം പുരുഷന്മാർ അശ്ലീല സംഭാഷണങ്ങൾ ഉൾപ്പെടെയായി ഇവരെ സമീപിക്കുകയായിരുന്നു.
മേയ് ഒന്നിന് അർദ്ധരാത്രിയോടെയാണ് സുമതി ഐപിഎസിന്റെ പരിശോധന നടന്നത്. ദിൽസുഖ്‌നഗർ ബസ് സ്റ്റാൻഡിന് സമീപം ഔദ്യോഗിക പദവിയും സുരക്ഷാ അകമ്പടിയും ഒഴിവാക്കി സാധാരണ വേഷത്തിലാണ് കമ്മീഷണർ എത്തിയത്. രാത്രി 12.30 മുതൽ പുലർച്ചെ 3.30 വരെ ബസ് സ്റ്റോപ്പിൽ നിന്ന കമ്മീഷണറെ പലരും സമീപിച്ച് അസഭ്യപരാമർശങ്ങളും അനാവശ്യ ചോദ്യങ്ങളും ചോദിച്ചു. ലഹരിക്ക് അടിമകളായവരും വിദ്യാഭ്യാസമുള്ള യുവാക്കളും ഉൾപ്പെടെയുള്ളവരാണ് ശല്യപ്പെടുത്തിയവരിൽ ഉണ്ടായിരുന്നത്.
സംഭവസ്ഥലത്ത് നിന്ന് അല്പം മാറി മഫ്തിയിൽ പൊലീസ് സംഘം നിരീക്ഷണം നടത്തുകയായിരുന്നു. ഓരോ തവണയും ശല്യം ഉണ്ടായപ്പോൾ കമ്മീഷണർ നൽകിയ സൂചനപ്രകാരം പൊലീസ് ഇടപെട്ട് ബന്ധപ്പെട്ടവരെ കസ്റ്റഡിയിലെടുത്തു. പിടിയിലായവരിൽ വിദ്യാർഥികളും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ഉൾപ്പെട്ടിരുന്നു. എന്നാൽ ഇവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാതെ കൗൺസിലിംഗ് നൽകാനാണ് പൊലീസ് തീരുമാനം. സ്ത്രീകളോട് പൊതുസ്ഥലങ്ങളിൽ എങ്ങനെ പെരുമാറണം, സ്ത്രീസുരക്ഷയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് ബോധവൽക്കരണവും നൽകി.










