
ലക്നൗ: വീട്ടിലെ ഹാൻഡ് പമ്പിൽ നിന്ന് വെള്ളത്തിന് പകരം മദ്യം! ഉത്തർപ്രദേശിലെ ഝാൻസിയിൽ അനധികൃത മദ്യവിൽപനയ്ക്കായി യുവതി ഒരുക്കിയ വിചിത്ര സംവിധാനമാണ് പൊലീസ് റെയ്ഡിൽ കണ്ടെത്തിയത്. വീടിനുള്ളിൽ മണ്ണിനടിയിൽ കൂറ്റൻ ടാങ്ക് സ്ഥാപിച്ച് 1000 ലീറ്ററോളം മദ്യം സൂക്ഷിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി.
30 വയസ്സുള്ള യുവതി വീടിനുള്ളിൽ സ്ഥാപിച്ച ഹാൻഡ് പമ്പ് ഉപയോഗിച്ചാണ് ആവശ്യക്കാർക്ക് മദ്യം നൽകിയിരുന്നത്. വെള്ളം പമ്പ് ചെയ്യാനുള്ള സംവിധാനമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഒരുക്കിയ ഈ സംവിധാനം യഥാർഥത്തിൽ ഭൂഗർഭ ടാങ്കിൽ സൂക്ഷിച്ചിരുന്ന മദ്യം പുറത്തെടുക്കാനാണ് ഉപയോഗിച്ചിരുന്നത്.
ഉത്തർപ്രദേശ് പൊലീസും എക്സൈസ് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യശേഖരം കണ്ടെത്തിയത്. ഹാൻഡ് പമ്പ് പ്രവർത്തിപ്പിച്ച് പാത്രത്തിലേക്ക് മദ്യം നിറയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ശനിയാഴ്ച തേജ്പുര ഗുരാത് ഗ്രാമത്തിലെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. സംഭവത്തിൽ എക്സൈസ് നിയമപ്രകാരം കേസെടുത്ത യുവതിയെ അറസ്റ്റ് ചെയ്തു.
#UttarPradesh- A novel trick for smuggling liquor in #Jhansi—when the hand pump was operated, liquor came out instead of water! https://t.co/kbF3ceioXi
— Siraj Noorani (@sirajnoorani) November 22, 2026










