
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. കീഴാമലയ്ക്കൽ ശാന്തിദീപം വീട്ടിൽ ഗംഗ (42)യാണ് മരിച്ചത്. അപകടത്തിൽ ഗംഗയുടെ മകൻ അമർനാഥിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിയോടെ കോലിയക്കോടിനും വേളാവൂരിനുമിടയിലാണ് അപകടമുണ്ടായത്.
പോത്തൻകോട് ഭാഗത്തുനിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു ഗംഗയും മകനും. കോലിയക്കോട് ഭാഗത്ത് നിന്നുള്ള മൺവിളമുകൾ റോഡിലേക്ക് തിരിയുന്നതിനായി സ്കൂട്ടർ ഇൻഡിക്കേറ്റർ ഇട്ട് റോഡരികിൽ നിർത്തിയിരിക്കുമ്പോഴാണ് പിന്നിൽ വന്ന കെഎസ്ആർടിസി ബസ് ശക്തമായി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മുന്നിലേക്ക് തെറിച്ച് എതിർദിശയിൽ വന്ന കാറിലും ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ ഗംഗയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മകൻ അമർനാഥ് ആശുപത്രിയിൽ ചികിത്സയിലാണ്.
കണിയാപുരം ഭാഗത്തുനിന്ന് കൊട്ടാരക്കരയിലേക്ക് പോയിരുന്ന കെഎസ്ആർടിസി ബസാണ് ഗംഗയുടെ സ്കൂട്ടറിൽ ഇടിച്ചത്. സിഗ്നൽ നൽകി തിരിയാൻ കാത്തുനിന്ന സ്കൂട്ടറിനെ പിന്നാലെ വന്ന ബസ് ഇടിച്ചുതെറിപ്പിച്ചതാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.








