രണ്ടു മന്ത്രിമാർക്കെതിരെ ഗുരുതര ആരോപണവുമായി വനിതാ എംഎൽഎ

രണ്ടു മന്ത്രിമാർക്കെതിരെ ഗുരുതര ആരോപണവുമായി പുതുച്ചേരിയിലെ വനിതാ എംഎൽഎ. മുൻ ഗതാഗതമന്ത്രിയും എൻആർ കോൺഗ്രസ് നേതാവുമായ എസ്. ചന്ദ്ര പ്രിയങ്കയാണ് സ്വന്തം പാർട്ടിയിലെയും ഘടകകക്ഷിയായ ബിജെപിയിലെയും രണ്ട് മന്ത്രിമാർക്കെതിരെ ഗുരുതര ആരോപണം ഉയർത്തി രംഗത്തെത്തിയത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലാണ് രണ്ടുപേരും നിരന്തരം ശല്യം ചെയ്യുന്നെന്നും എംഎൽഎയായി പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടാകുന്നെന്നും വനിതാ എംഎൽഎ വെളിപ്പെടുത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഇതേക്കുറിച്ച് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നെന്നും അവർ വെളിപ്പെടുത്തി. ആരോപണങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴിയും ഉന്നയിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ അന്വേഷണത്തിന് നിർദേശം നൽകി.
മുൻ കോൺഗ്രസ് നേതാവ് എസ്. ചന്ദ്രഹാസുവിന്റെ മകളായ ചന്ദ്ര പ്രിയങ്ക എൻആർ കോൺഗ്രസ് ടിക്കറ്റിൽ കാരൈക്കാലിൽനിന്നാണ് നിയമസഭയിലെത്തിയത്. എൻആർ കോൺഗ്രസ്-ബിജെപി സർക്കാരിൽ ഗതാഗത, സാംസ്‌കാരിക മന്ത്രിയായിരുന്ന ഇവർ 2023 ഒക്ടോബറിൽ രാജിവെച്ചു. സ്ത്രീ എന്ന നിലയിലും ജാതീയമായും അവഹേളനങ്ങൾ നേരിട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് അവർ പറഞ്ഞത്. രണ്ടുവർഷം കഴിഞ്ഞാണ് അവർ മന്ത്രിമാർക്കെതിരേ ആരോപണവുമായി എത്തുന്നത്.











