10:39am 13 June 2026
NEWS
ഇൻസ്റ്റ​ഗ്രാം കാമുകൻ വിവാഹിതനെന്ന കാര്യം ഒളിച്ചുവെച്ചു; വിവാഹം കഴിച്ചില്ലെങ്കിൽ അഞ്ചു ലക്ഷം രൂപ നൽകണമെന്ന് യുവതി; കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി യുവാവ്
14/02/2026  11:01 AM IST
nila
ഇൻസ്റ്റ​ഗ്രാം കാമുകൻ വിവാഹിതനെന്ന കാര്യം ഒളിച്ചുവെച്ചു; വിവാഹം കഴിച്ചില്ലെങ്കിൽ അഞ്ചു ലക്ഷം രൂപ നൽകണമെന്ന് യുവതി; കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി യുവാവ്

ഭോപ്പാൽ: യുവതിയെ കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ല സ്വദേശിനിയായ അഷ്റഫി അഥവാ സിയ (33)യാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ നിഷാത്പുര പ്രദേശത്തെ ആളൊഴിഞ്ഞ ഒരു വീടിന്റെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് യുവതിയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. കേസിൽ മുഖ്യപ്രതിയും യുവതിയുടെ കാമുകനുമായ സമീർ ഒളിവിലാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഏകദേശം ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു സമീറും യുവതിയും പരിചയപ്പെട്ടത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. മൂന്നു മാസം മുൻപ് സിയ ഭോപ്പാലിലെത്തി സമീറിനൊപ്പം താമസിക്കാൻ തുടങ്ങി. ഇതിനിടയിൽ സമീർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന വിവരവും പുറത്ത് വന്നു. ഇതോടെ സമീറിന്റെ വീട്ടിൽ തർക്കങ്ങൾ പതിവായി. സിയയും സമീറിന്റെ ഭാര്യയുമായി തർക്കം  രൂക്ഷമായതോടെ ഭാര്യ സ്വന്തം വീട്ടിലേക്കു മടങ്ങി.

വിവാഹം കഴിക്കണമെന്ന ആവശ്യം സിയ ഉന്നയിച്ചിരുന്നുവെന്നും, അത് സാധ്യമല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 9-ാം തീയതി വൈകുന്നേരം ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടായതിനെ തുടർന്ന് സമീർ സിയയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായാണ് പ്രാഥമിക കണ്ടെത്തൽ. തെളിവുകൾ നശിപ്പിക്കുന്നതിനായി സമീർ കുടുംബാംഗങ്ങളുടെ സഹായം തേടിയതായി പൊലീസ് പറയുന്നു. മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി വീടിന് സമീപമുള്ള സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചു.

വ്യാഴാഴ്ച വൈകുന്നേരം സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ടാങ്കിൽ നിന്നുയർന്ന ദുർഗന്ധം ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ടാങ്കിനുള്ളിൽ പൊങ്ങിക്കിടന്നിരുന്ന ഇരുമ്പ് പെട്ടി നാട്ടുകാർ ശ്രദ്ധിച്ചതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പെട്ടി തുറന്നപ്പോൾ ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. യുവതിയുടെ ശരീരത്തിലെ ടാറ്റൂവിന്റെ അടിസ്ഥാനത്തിലാണ് മരിച്ചത് സിയയെന്ന് തിരിച്ചറിഞ്ഞത്.

മൃതദേഹം മറവുചെയ്യാൻ സഹായിച്ചെന്നാരോപിച്ച് സമീറിന്റെ അമ്മ, സഹോദരൻ, സഹോദരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സമീറിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നതായും അധികൃതർ അറിയിച്ചു. സിയ മുൻപ് മൂന്ന് വിവാഹങ്ങൾ കഴിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമാക്കുന്നു. പ്രതി സമീറിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img