
ലൈംഗിക വേഴ്ച്ചയിൽ തന്നെ തൃപ്തിപ്പെടുത്താനാകില്ലെന്നാരോപിച്ച് ഭർത്താവിനെ യുവതി കുത്തിക്കൊന്നു. ഡൽഹി, നിഹാൽ വിഹാറിലാണ് സംഭവം. മുഹമ്മദ് ഷാഹിദ് എന്നയാളെയാണ് ഭാര്യ ഫർസാന ഖാൻ കുത്തിക്കൊന്നത്. ഞയറാഴ്ച്ച വൈകുന്നേരമാണ് ഫർസാന തന്റെ ഭർത്താവിന്റെ ശരീരമാസകലം കുത്തിപരിക്കേൽപ്പിച്ചത്. ഇതിനു പിന്നാലെ യുവതി തന്നെ ഭർത്താവിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ജൂലൈ 20 ന് വൈകുന്നേരം 4.15 ഓടെയാണ് നിഹാൽ വിഹാർ പൊലീസ് സ്റ്റേഷനിലേക്ക് ഒരു പ്രാദേശിക ആശുപത്രിയിൽ നിന്ന് ഫോൺ കോൾ ലഭിക്കുന്നത്. ദേഹമാസകലം കുത്തേറ്റ ഭർത്താവുമായി ഒരു സ്ത്രീ ആശുപത്രിയിൽ എത്തിയെന്നായിരുന്നു ഫോൺ കോൾ. ആശുപത്രിയിൽ എത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.
ആശുപത്രിയിലെത്തിയ പൊലീസിനോട് കടബാധ്യതമൂലം ഭർത്താവ് ആത്മഹത്യ ചെയ്തെന്നായിരുന്നു ഫർസാന അവകാശപ്പെട്ടത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മുറിവുകൾ സ്വയം ഏൽപ്പിച്ചതാകാൻ സാധ്യതയില്ലെന്ന് കണ്ടെത്തുകയായിരുന്നു. മുന്നിൽ നിന്ന് ആരോ ആക്രമിച്ചതാകാമെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു. തുടർന്ന് പൊലീസ് കൊലക്കുറ്റം രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഭാര്യയുടെ മൊബൈൽ ഫോണിൻറെ ഫോറൻസിക് പരിശോധനയിലും ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററി പരിശോധിച്ചതിലും ഇവർ ഉറക്ക ഗുളികകൾ ഉപയോഗിച്ച് എങ്ങിനെ ഒരാളെ ഇല്ലാതാക്കാമെന്ന് സെർച്ച് ചെയ്തതായി പൊലീസ് കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ യുവാവിൻറെ ഭാര്യ കുറ്റം സമ്മതിക്കുകയായിരുന്നു. ഭർത്താവുമായുള്ള തൻറെ ലൈംഗിക ബന്ധത്തിൽ തൃപ്തി ലഭിക്കുന്നില്ലെന്നും ഷാഹിദിൻറെ ഓൺലൈൻ ചൂതാട്ടം മൂലം കുടുംബം കടബാധ്യതയിലാണെന്നും അതിനാൽ അദ്ദേഹത്തെ കൊല്ലാൻ തീരുമാനിച്ചെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.
ഭർത്താവിൻറെ ബന്ധുവായ ഒരു യുവാവുമായി തനിക്ക് ബന്ധമുണ്ടെന്നും ഫർസാന സമ്മതിച്ചിട്ടുണ്ട്. ഇയാൾ ബറേലിയിലാണ് താമസിക്കുന്നത്. ഷാഹിദിനെ നെഞ്ചിൽ മൂന്ന് തവണ കുത്തിയ ശേഷം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായാണ് ആത്മഹത്യാ കഥ കെട്ടിച്ചമച്ചത്. സംഭവത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.











