07:54pm 22 November 2026
NEWS
യുവതിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കൊത്തിനുറുക്കി; ആൺസുഹൃത്ത് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
29/09/2026  04:36 PM IST
nila
യുവതിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കൊത്തിനുറുക്കി; ആൺസുഹൃത്ത് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

വിജയവാഡ: സുഹൃത്തായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളിയ സംഭവത്തിൽ ഇറച്ചിവെട്ടുകാരനും ജീവനക്കാരനും അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് ഞെട്ടിക്കുന്ന സംഭവം. ഷാഫി, ഇയാളുടെ കടയിലെ ജീവനക്കാരനായ ഗുരുവുലു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഷാഫി യുവതിയെ കൊലപ്പെടുത്തിയത് എന്നാണ് സൂചന.

കല്യാണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഷാഫിയും കല്യാണിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സെപ്റ്റംബർ 17നാണ് കൊലപാതകം നടന്നത്. ഭവാനിപുരത്തെ വീട്ടിലേക്ക് കല്യാണിയെ വിളിച്ചുവരുത്തിയ ഷാഫി പണമിടപാടുമായി ബന്ധപ്പെട്ട് യുവതിയുമായി തർക്കത്തിലേർപ്പെട്ടു. കല്യാണിയുടെ മകനുമായി ബന്ധപ്പെട്ട വിഷയത്തിലും ഇരുവർക്കുമിടയിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

തർക്കം രൂക്ഷമായതോടെ ഷാഫി കത്തി ഉപയോഗിച്ച് കല്യാണിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. തുടർന്ന് മൃതദേഹം ഒമ്പത് കഷണങ്ങളാക്കി മുറിച്ചു. കടയിലെ ജീവനക്കാരനായ ഗുരുവുലുവിന്റെ സഹായത്തോടെ ശരീരഭാഗങ്ങൾ ഗൊല്ലപൂഡി മേഖലയിലെ കൂളിങ് കനാലിൽ വിവിധയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.

തലയില്ലാത്ത മൃതദേഹം കനാലിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ വിവിധ ഭാഗങ്ങളിൽനിന്നായി ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. എന്നാൽ കൈയുടെ ഭാഗങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

മൃതശരീരത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിച്ചതോടെയാണ് ബന്ധുക്കൾ കല്യാണിയെ തിരിച്ചറിഞ്ഞത്. കല്യാണിയുടെ കൈയിൽ ഉണ്ടായിരുന്ന തൂവൽ ആകൃതിയിലുള്ള പച്ചകുത്തലാണ് തിരിച്ചറിയലിൽ നിർണായകമായത്. ഇത് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു.

കൊലപാതകത്തിന് മുമ്പ് ഷാഫി ഭാര്യയെയും കുട്ടികളെയും ഗുണ്ടൂരിലെ വീട്ടിലേക്ക് അയച്ചിരുന്നതായും പൊലീസ് കണ്ടെത്തി. അതിന് ശേഷമാണ് കല്യാണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. മൃതദേഹം തിരിച്ചറിയാതിരിക്കാനാണ് ശരീരം കഷണങ്ങളാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കല്യാണിയുടെ കുട്ടിയെ ഷാഫിയുടെ സംരക്ഷണത്തിൽ ഏൽപ്പിച്ചിരുന്നതായും ഇതിന് പകരമായി കല്യാണി നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായും എ.സി.പി. ദുർഗ റാലു പറഞ്ഞു. നിലവിൽ കുട്ടി ഷാഫിയുടെ ഭാര്യയ്ക്കൊപ്പമാണ്. കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമവശങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെടുത്തു. മൃതദേഹാവശിഷ്ടങ്ങൾ കനാലിൽ ഉപേക്ഷിച്ച രീതി, കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img