06:44pm 17 October 2026
NEWS
കുളത്തിലേക്ക് വനിതാ നേതാവിനെ വലിച്ചിട്ട സംഭവം ഉദ്ഘാടനം വൈറലാക്കി; പ്രതിഷേധം അതിലേറെയും
16/10/2026  10:23 AM IST
നെല്ലിക്കുത്ത് ഹനീഫ
കുളത്തിലേക്ക് വനിതാ നേതാവിനെ വലിച്ചിട്ട സംഭവം ഉദ്ഘാടനം വൈറലാക്കി; പ്രതിഷേധം അതിലേറെയും

പെരിന്തൽമണ്ണയിലെ പീച്ചാണിപ്പറമ്പ് തിരുത്തിൽകുളം പ്രശസ്തമായി കഴിഞ്ഞു. അതുതന്നെയാണ് മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലിയും, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സബീറും, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നജ്മ തബ്ഷീറയും വിഭാവനം ചെയ്തിരുന്നതും. അത് സഫലീകൃതമായി. സംഗതി വമ്പൻ വിജയം. വിഷയം ആ വാർഡിൽ മാത്രമല്ല. ലോകമൊട്ടാകെ അറിഞ്ഞു. ആവോളം പ്രശസ്തിയുമുണ്ടായി. പക്ഷേ, പ്രശസ്തിയേക്കാളേറെ വിമർശനങ്ങളും, ആക്ഷേപങ്ങളുമാണ് സോഷ്യൽമീഡിയായിൽ നിറഞ്ഞ് കവിയുന്നത്. 


'പ്രധാൻമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി' യുടെ ഭാഗമായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ 82 ലക്ഷം രൂപ ചെലവിട്ട് നടപ്പാക്കുന്ന വിവിധ ജലാശയ പുനരുദ്ധാരണത്തിന്റെ ഭാഗമായി നവീകരിച്ച 'തിരുത്തിൽ കുള'ത്തിന്റെ ഉദ്ഘാടനച്ചടങ്ങാണ് വൈറലായത്. മുറ പ്രകാരം മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലി നാടമുറിച്ച് കുളത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അനന്തരം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പറായ സബീറിനെ എം.എൽ.എ കുളത്തിലേക്ക് തള്ളിയിട്ടു. പെട്ടെന്നുള്ള ആക്ഷൻ കണ്ട് ചുറ്റും നിന്നവർ ആദ്യം ഒന്ന് പകച്ചു. സബീർ ഈറനണിഞ്ഞ് കരയിലേക്ക് കേറുകയും, അവിടെയുണ്ടായിരുന്ന പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നജ്മ തബ്ഷീറയെ പിടിച്ച് വലിച്ച് അവരേയും കുളത്തിലേക്ക് വലിച്ചിടുകയും ചെയ്തു. അങ്ങനെ സബീറും, തബ്ഷീറയും, നീന്തിത്തുടിച്ച് കുളത്തിന്റെ ഉദ്ഘാടനം കൊഴുപ്പിച്ചു. പിന്നെ കുളം ഔദ്യോഗികമായി നാടിന് സമർപ്പിക്കപ്പെട്ടു.  

ഉദ്ഘാടനം ഭംഗിയായി കുളമാക്കിയ രംഗങ്ങൾ അവിടെ ഉണ്ടായിരുന്ന സകലമാന സെൽഫോൺ ക്യാമറകളും ഒപ്പിയെടുത്തു. ഫോൺ ക്യാമറയുമായി നിലകൊണ്ട ചെറുപ്പക്കാർക്ക് അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് വേണ്ടത്ര സംതൃപ്തി കിട്ടിയില്ലെങ്കിലും, സമൂഹ മാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വൻ തോതിൽ വൈറലായി.. അതോടെ പ്രതിഷേധ സ്വരങ്ങളും വൈറലായി. ഹരിതയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, മുസ്ലിം യൂത്ത്‌ലീഗ് ദേശീയ സെക്രട്ടറിയുമാണ് നജ്മ തബ്ഷിറ. ഇപ്പോൾ പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡണ്ടും. വിവാഹ വേളയിൽ ഇന്ത്യൻ ഭരണ ഘടനയും, വിശുദ്ധ ഖുർആനും മഹർ (വിവാഹ സമ്മാനം) സ്വീകരിച്ച് ഇവർ ശ്രദ്ധ നേടിയിരുന്നു. ഇത്രയും വെറൈറ്റിയായ ഒരു ഉദ്ഘാടനച്ചടങ്ങ് അടുത്ത കാലത്തൊന്നും എങ്ങും ഉണ്ടായിട്ടില്ലെന്നാണ് എം.എൽ.എ ഉൾപ്പെടെയുള്ളവർ അവകാശപ്പെട്ടതും.

എതിർസ്വരം ശക്തം

 ഉദ്ഘാടനച്ചടങ്ങിൽ പങ്കാളികളായവർക്ക് അതൃപ്തി പ്രകടമല്ലെങ്കിലും, പൊതുവേദികളിൽ ഇത്തരത്തിലുള്ള രീതികൾ കൊഴുപ്പിക്കുന്നത് തെറ്റാണെന്ന വാദമാണ് പൊതുവിൽ ഉയർന്നിട്ടുള്ളത്. ഇതൊരു തമാശയായി കരുതാമെങ്കിലും, സുരക്ഷയുടെയും പരസ്യമായ പെരുമാറ്റച്ചട്ടങ്ങളുടേയും കാര്യത്തിൽ പൊതു സമൂഹത്തിനിടയിൽ ഭിന്നാഭിപ്രായങ്ങൾ നില നിൽക്കുകയാണ്. ഈ വെറൈറ്റി ഉദ്ഘാടനത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ വലിയ രീതിയിലുള്ള ചർച്ചകളും, ട്രോളുകളുമാണ്  സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികൾ പൊതുയിടത്ത് ഇത്തരം കാര്യങ്ങൾ നടത്തുന്നത് പൊതു സമൂഹത്തിന് പ്രത്യേകിച്ച് കുട്ടികൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും,  ഇത് കുട്ടികൾ അനുകരിച്ച് അപകടം വരുത്തുമെന്നും പലരും ആശങ്കപ്പെടുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ സ്ത്രീയെ പരസ്യമായി വെള്ളത്തിലേക്ക് തള്ളിയിട്ടത് ഒരു നിലയിലും അംഗീകരിക്കാനാകില്ലെന്നും, ഇത്തരം കാര്യങ്ങൾ ജനപ്രതിനിധികൾക്ക് ചേരുന്നതല്ലെന്നും വിമർശിക്കപ്പെടുന്നു.

മതരംഗത്തുള്ളവരും ഇതേ കാഴ്ചപ്പാടാണ് വ്യക്തമാക്കുന്നത്. മുസ്ലിംലീഗ് എന്നാൽ മുസ്ലിം സമുദായമാണെന്നും, 'ദീനുൽഇസ്ലാമി'ന്റെ പാർട്ടിയാണ് മുസ്ലിംലീഗെന്നും വിലയിരുത്തുന്നവരാണ് പൊതുസമൂഹം. ആ നിലയിൽ മുസ്ലിംലീഗ് നടത്തുന്ന എല്ലാ ചെയ്തികൾക്കും മുസ്ലിം സമുദായം മൊത്തത്തിൽ അപമാനിതരാവുകയാണെന്നും, ഇപ്രകാരം മുസ്ലിം സമുദായത്തെ അപകീർത്തിപ്പെടുത്തരുതെന്നുമാണ് മത രംഗത്തുള്ളവർ പറയുന്നത്. ഖാഇദെ മില്ലത്ത് ഇസ്മയിൽ സാഹബ്, ബാഫഖി തങ്ങൾ, പൂക്കോയ തങ്ങൾ, മമ്പുറം തങ്ങൾ തുടങ്ങിയ മുസ്ലിംലീഗിന്റെ മുൻകാല നേതാക്കൾ സമൂഹത്തിനിടയിൽ മാതൃകാപരമായ പ്രവർത്തികൾ കൊണ്ടാണ് വേറിട്ട് നിന്നതും, മുസ്ലിംലീഗ് എന്ന പ്രസ്ഥാനത്തെ കെട്ടിപ്പടുത്തതും. ആ മഹത്തായ പ്രസ്ഥാനം തികഞ്ഞ അപചയത്തിലാണ് ചെന്നെത്തി നിൽക്കുന്നത് എന്നത് ആവർത്തിക്കപ്പെട്ട് തെളിയിക്കുന്നതാണ് ഇത്തരത്തിൽ വനിതകൾ അന്യപുരുഷൻമാർക്കൊപ്പം കുളത്തിൽ ചാടുന്നതും, നീരാടുന്നതുമെല്ലാം. മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ ശാക്തീകരണം എന്നും പറഞ്ഞ് ഫെമിനിസ്റ്റ് പുരോഗമന ആശയങ്ങൾ മുസ്ലിംലീഗിന്റെ അഡ്ഡ്രസ് ഉപയോഗിച്ച് വളർത്തിയ ഒരു വിഭാഗം 'ഫെമിനിച്ചികൾക്ക്' പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ഒത്താശ നൽകിയതും ചില ലീഗ് നേതാക്കൾ തന്നെയാണെന്നും മുസ്ലിംലീഗിനുള്ളിൽ നിന്ന് തന്നെ വിമർശമുയർന്നിട്ടുണ്ട്.

 ക്യാമറകൾക്ക് മുന്നിൽ ഒരു ജന പ്രതിനിധിയായ സ്ത്രീയെ പുരുഷൻ വെള്ളത്തിലേക്ക് തള്ളിയിട്ടത് ഔചിത്യമില്ലാത്ത പ്രവർത്തിയാെണന്നും. പരസ്യമായി ഇത്തരം പ്രവർത്തികൾ ചെയ്യുന്നതും, അത് ക്യാമറയിലാക്കി പ്രചരിപ്പിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിൻമേലുള്ള കടന്ന് കയറ്റമാണെന്നും സോഷ്യൽ മീഡിയായിൽ വ്യാപകമായ ആക്ഷേപമുയർന്നിട്ടുണ്ട്. ഉത്തരവാദപ്പെട്ട പദവിയിലുള്ള എം.എൽ.എ യും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും, വാർഡ് മെമ്പറും ഇത്തരം തറ വിനോദങ്ങളിൽ ഏർപ്പെടുന്നത് പദവിക്ക് ചേർന്നതല്ലെന്നും, അവർ സ്വയം അപഹാസ്യരാവുകയാണെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജനപ്രതിനിധികൾ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് പൊതു ജനങ്ങൾക്ക്, വിശിഷ്യാ കുട്ടികൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. 
സമസ്തയ്‌ക്കെതിരേയും

ട്രോളുകൾ

പെരിന്തൽമണ്ണയിലെ കുളം ഉദ്ഘാടനച്ചടങ്ങിനെ മുസ്ലിം സമുദായത്തിലെ പല മതനേതാക്കളും ഇതിനകം അപലപിച്ചിട്ടുണ്ട്. അതേസമയം സമസ്തയുടെ വക്താക്കൾ ഈ വിഷയത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇടതുപക്ഷം നടത്തുന്ന എന്തെങ്കിലും പരിപാടികളിൽ മുസ്ലിം സ്ത്രീകൾ പങ്കെടുത്താൽ വലിയ ആശങ്കയാണ് സമസ്ത പ്രകടിപ്പാക്കാറുള്ളത്. അതുകൊണ്ട് തന്നെ സമസ്തയ്‌ക്കെതിരെ ധാരാളം ട്രോളുകളും സോഷ്യൽ മീഡിയായിൽ വൈറലായിട്ടുണ്ട്. 'ലീഗെന്നാൽ സമസ്തയും, സമസ്തയെന്നാൽ ലീഗുമാണെന്ന്' നേരത്തെ സമസ്തയുടെ ഒരു നേതാവ് തന്നെ വ്യക്തമാക്കിയതാണ്. ആ നിലയിൽ ഇക്കാര്യത്തിൽ സമസ്ത തികഞ്ഞ മൗനം പാലിക്കുമെന്ന് ചിലർ ട്രോളിയിട്ടുണ്ട്. പിണറായി വിജയന്റെ മകൾ വീണയും, റിയാസും വിവാഹിതരായപ്പോൾ, അത് വിമർശിച്ച സമസ്ത വക്താവും,  ലിഗ് നേതാവുമായ അബ്ദുറഹ്മാൻ കല്ലായി പരസ്യമായി പ്രസംഗിച്ചത് വൻ കോലാഹം സൃഷ്ടിച്ചിരുന്നു. തുടർന്ന് അബ്ദുറഹ്മാൻ കല്ലായി മാപ്പ് പറഞ്ഞ് തടിയൂരി. 

മുൻകൂട്ടി പ്ലാൻ ചെയ്ത സ്‌ക്രിപ്റ്റഡ് നാടകമാണ് കുളത്തിൽ ചാട്ടമെന്ന് പരിഹസിക്കുന്ന ട്രോളുകളും ധാരാളമുണ്ട്. ഫോണും, പഴ്‌സും  സുരക്ഷിതമായി മാറ്റി വെച്ച് ചെരിപ്പ് ഒഴിവാക്കി കുളത്തിലേക്ക് ചാടാൻ തയ്യാറെടുപ്പ് നടത്തിയ വാർഡ് മെമ്പറെയാണ് എം.എൽ.എ കുളത്തിലേക്ക് തള്ളിയത്. കുളത്തിൽ സുരക്ഷയ്ക്കായി ലൈഫ് ട്യൂബുകൾ നേരത്തെ തന്നെ ഒരുക്കിയിരുന്നതായും പരിഹാസ ട്രോളുകളിൽ വ്യക്തമാക്കുന്നുണ്ട്. 'നായിക കുളത്തിലേക്ക് ചാടുമ്പോ ക്യാമറയും കൂടെ ചാടട്ടെ' എന്ന ശ്രീനിവാസൻ കഥാപാത്രത്തിന്റെ ഡയലോഗാണ് ട്രോളുകളിൽ മുഴച്ച് നിൽക്കുന്നത്. 'പോയി  കുറച്ച് 'ഹൗളുൽ കൗസർ' (സ്വർഗ്ഗത്തിലെ വിശിഷ്ട പാനീയം) കുടിച്ചു വാ' എന്ന് പറഞ്ഞ് എം.എൽ.എ വാർഡ് മെമ്പറെ കുളത്തിലേക്ക് തള്ളി. അതോടെ, വാർഡ് മെമ്പർക്ക് 'ഹർഷിന്റെ തണല്' ഉറപ്പിച്ചു. സമീപത്തുള്ള ബ്ലോക്ക് പ്രസിഡണ്ട് നജ്മ തബ്ഷിറയെ വാർഡ് മെമ്പറും കുളത്തിലേക്ക് വലിച്ചിട്ടതോടെ, അവർ 'ഹൂർലി' (സ്വർഗ്ഗത്തിലെ കന്യക) നുമായി. ഇതിനെല്ലാം നേതൃത്വം നൽകിയ അലി എം.എൽ.എ യ്ക്ക് 'ജന്നത്തുൽ ഫിർദൗസും' (സ്വർഗ്ഗത്തിലെ ഉന്നത സ്ഥാനം.) ഉറപ്പിക്കാമെന്ന് മതപരമായും ചിലർ ട്രോളിയിട്ടുണ്ട്. 

വഹാബ് സഖാഫി

കുളം ഉദ്ഘാടന വിഷയത്തിൽ രൂക്ഷമായ ഭാഷയിലാണ് കാന്തപുരം സുന്നീ വിഭാഗം നേതാവ് വഹാബ് സഖാഫി മമ്പാട് പ്രതികരിച്ചിട്ടുള്ളത്. 'ഇവിടെ ശരിക്കും വീണ് പോകുന്നത് കുളത്തിലേക്ക് മാത്രമല്ല, ഇസ്ലാം വിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക് കൂടിയാണ്.' വഹാബ് സഖാഫി മമ്പാട് ഫേസ് ബുക്കിൽ കുറിച്ചു. പുതിയ തലമുറയെ പലതിന്റേയും പേരിൽ വഴിതെറ്റിക്കുന്നത് അഡ്രസ്സ് ചെയ്ത്, പരിഹാരം കാണാൻ മത നേതാക്കളും, സംഘടനകളും ഇനിയും വൈകിക്കൂടാ. ലിബറലുകളും, നിരീശ്വരവാദികളും മുസ്ലിം പെൺകുട്ടികളെ ഇനിയും സ്വാധീനിക്കാൻ അനുവദിച്ച് കൂടാ, മുസ്ലിം പെൺകുട്ടികളിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് മന്ത്രി കെ.എം ഷാജി പങ്ക് വെച്ച ആശങ്ക എത്ര മേൽ ഗൗരവതരമാണ്. ഈ മാറ്റം ശരിയായ പുരോഗതിയാണോ? മുസ്ലിം ലീഗ് എം.എൽ.എ യുടെ നേതൃത്വത്തിൽ നടന്ന കുളം ഉദ്ഘാടന ചടങ്ങിൽ, അതേ പാർട്ടിയിലെ മെമ്പർ മറ്റൊരു വനിതാ മെമ്പറെ കുളത്തിൽ തള്ളിയിടുന്നു. ഇവിടെ ശരിക്കും വീണ് പോകുന്നത് കുളത്തിലേക്ക് മാത്രമല്ല. ഇസ്ലാംവിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക് കൂടിയാണ്. അതാരും തിരിച്ചറിയാത്തതിൽ ദുഃഖമുണ്ട്. ഈ ഒരു തലമുറയെ അഡ്രസ്സ് ചെയ്യാനുള്ള എന്താണ് മതസംഘടനകളുടെ കയ്യിലുള്ളത്? ഇത്തരം മതവിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക് വീണ് പോകുന്ന പുതിയ ജെൻസിയെ വഴിനടത്താൻ എന്ത് മാർഗ്ഗമാണ് സമുന്നത ഖാസിമാരുടെ മുമ്പിലുള്ളത്. മത പണ്ഡിതർക്ക് ഈ ജെൻസിയെ എങ്ങനെയാണ് തിരുത്താൻ കഴിയുക.? മന്ത്രി കെ.എം ഷാജി പ്രകടിപ്പിച്ച ആശങ്ക ഈ സമുദായം മുഖവിലക്കെടുക്കാതെ പോകരുത്. പുതിയ തലമുറയെ വഴി തെറ്റിക്കുന്നതിന് പരിഹാരം കാണാൻ മതനേതാക്കളും, സംഘടനകളും ഇനിയും വൈകിക്കൂടാ -വഹാബ് സഖാഫി ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു. 

ഇദ്ദേഹം കാന്തപുരം സുന്നീ വിഭാഗക്കാരനായത് കാരണം, ലീഗിന്റെ സൈബർ പോരാളികൾ ഇദ്ദേഹത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്.. അതേസമയം മന്ത്രി കെ.എം ഷാജി ഇയ്യിടെ, മുസ്ലിം പെൺകുട്ടികളിൽ പ്രകടമാവുന്ന മാറ്റത്തെക്കുറിച്ചും, അവർ നിരീശ്വര വാദികളുടെ സ്വാധീനത്തിൽ അകപ്പെടുന്നതിനെക്കുറിച്ചും ലീഗ് വേദിയിൽ പ്രസംഗിച്ചിരുന്നു. അത് ഉദ്ധരിച്ച് കൊണ്ടാണ് വഹാബ് സഖാഫി ഫേസ്ബുക്ക് പോസ്റ്റിട്ടതും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img