
തൃശൂർ: ആൺസുഹൃത്തിനൊപ്പം തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത തിരുപ്പൂർ സ്വദേശിനിയായ യുവതിയെ പൊലീസ് ചമഞ്ഞെത്തിയ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. യുവാവിനെ ക്രൂരമായി മർദിച്ച് കൈകാലുകൾ ഒടിച്ച ശേഷം തമിഴ്നാട്ടിലെ ആശുപത്രിക്ക് സമീപം ഉപേക്ഷിക്കുകയും ചെയ്തു. ഏതാനും ദിവസം മുൻപ് നടന്ന ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ പുറത്തറിയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് വിവിധ സ്ഥലങ്ങളിൽനിന്നായി അറസ്റ്റ് ചെയ്തു. യുവാവിന്റെ ഭാര്യ നൽകിയ ക്വട്ടേഷനാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം.
തിരുപ്പൂർ സ്വദേശിയായ യുവാവും യുവതിയും തൃശൂരിലെത്തി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ മുറിയെടുത്തിരുന്നു. യുവാവിന്റെ ഫോൺ ലൊക്കേഷൻ മനസ്സിലാക്കിയ ഭാര്യ ഇതിന്റെ വിവരം ക്വട്ടേഷൻ സംഘത്തിന് കൈമാറിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
തുടർന്ന് അഞ്ചംഗ സംഘം പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ലോഡ്ജിലെത്തി മുറിയിൽ അതിക്രമിച്ചുകയറി. യുവാവിന്റെയും യുവതിയുടെയും കൈകാലുകൾ തുണികൊണ്ട് കെട്ടുകയും വായിൽ തുണി തിരുകുകയും ചെയ്ത ശേഷം ഇരുവരെയും കാറിൽ കയറ്റി കൊണ്ടുപോയി.
തിരുപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ യുവാവിനെ സംഘം ക്രൂരമായി മർദിച്ചു. മർദനത്തിൽ ഇയാളുടെ കൈകാലുകൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും പല ഭാഗങ്ങളിലും ഒടിവുണ്ടാകുകയും ചെയ്തു. പിന്നീട് തിരുപ്പൂരിന് സമീപത്തെ ആശുപത്രിക്ക് മുന്നിൽ യുവാവിനെ ഉപേക്ഷിച്ചു.
ഇതിനുശേഷം സംഘത്തിലെ രണ്ടുപേർ യുവതിയെ മറ്റൊരു കാറിലേക്ക് മാറ്റി. ഇവരാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പരുക്കേറ്റ നിലയിൽ യുവതിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് കേസ് തൃശൂർ സിറ്റി പൊലീസിന് കൈമാറുകയായിരുന്നു.
തൃശൂർ സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്. സംഘത്തിലെ ഒരാളെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തുനിന്നാണ് ആദ്യം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നുപേരെ തിരുപ്പൂരിൽനിന്നും ഒരാളെ പഴനിയിൽനിന്നും അറസ്റ്റ് ചെയ്തു.
അഞ്ച് പ്രതികളെയും വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പ്രതികളുടെ പേരും മറ്റ് വിശദാംശങ്ങളും പിന്നീട് പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.










