01:12pm 04 November 2026
NEWS
യുവതിയെ ഭർതൃവീട്ടുകാർ തലയറുത്ത് കൊലപ്പെടുത്തി; കൊടും ക്രൂരതക്ക് പിന്നിൽ വസ്തു തർക്കം
04/11/2026  05:53 AM IST
nila
യുവതിയെ ഭർതൃവീട്ടുകാർ തലയറുത്ത് കൊലപ്പെടുത്തി; കൊടും ക്രൂരതക്ക് പിന്നിൽ വസ്തു തർക്കം

മഹബൂബ്‌നഗർ: കൃഷിഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കം ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചു. തെലങ്കാനയിലെ മഹബൂബ്‌നഗർ ജില്ലയിൽ 26കാരിയെ ഭർതൃവീട്ടുകാർ തലയറുത്ത് കൊലപ്പെടുത്തി. കോയിൽകൊണ്ട മണ്ഡലത്തിലെ ചിന്തൽ താണ്ഡയിൽ കത്രവത് സുനിതയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ ബന്ധുക്കളായ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.

സുനിതയുടെ പേരിലുള്ള ഒന്നര ഏക്കറോളം കൃഷിഭൂമിയാണ് കൊലപാതകത്തിലേക്ക് നയിച്ച തർക്കത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഭൂമി കാണാനെത്തിയ യുവതിയെ ഭർതൃസഹോദരൻ മാന്യ നായിക് തടഞ്ഞുനിർത്തി ബലമായി വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് വിവരം. പിന്നാലെ പാണ്ഡു നായിക്, ഭാര്യ പാർവതി, ബന്ധുവായ മാണിക്യ നായിക് എന്നിവരുമായി ചേർന്ന് സുനിതയെ ആക്രമിക്കുകയായിരുന്നു. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.

പത്തുവർഷം മുൻപാണ് ചിന്തൽ താണ്ഡ സ്വദേശിയായ കത്രവത് ബലറാമും സുനിതയും വിവാഹിതരായത്. ഋഷിക, ശൈലജ എന്നീ രണ്ടു പെൺമക്കളുണ്ട്. ബലറാമിന്റെ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് കുടുംബത്തിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിനിടെ ഒരു വർഷം മുൻപ് ബലറാമിന്റെ ജ്യേഷ്ഠന്മാരായ മാന്യ നായിക്കും പാണ്ഡു നായിക്കും ചേർന്ന് ഇയാളെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി.

തുടർന്ന് നാട്ടിലെ മുതിർന്നവരുടെ മധ്യസ്ഥതയിൽ നടന്ന ഒത്തുതീർപ്പിന്റെ ഭാഗമായി സുനിതയുടെയും മക്കളുടെയും ഭാവി സുരക്ഷിതമാക്കാൻ ബലറാമിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒന്നര ഏക്കറോളം കൃഷിഭൂമി സുനിതയുടെ പേരിലേക്ക് രജിസ്റ്റർ ചെയ്തു നൽകുകയായിരുന്നു. ഇതിനു പിന്നാലെ രണ്ടു മക്കളുമായി സുനിത സ്വന്തം വീട്ടിലേക്ക് താമസം മാറി.

അടുത്തിടെ ചിന്തൽ താണ്ഡയിൽ തിരിച്ചെത്തിയ സുനിത തന്റെ പേരിലുള്ള ഭൂമി കാണാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. സുനിതയുടെ പിതാവ് വല്യ നായിക് നൽകിയ പരാതിയിൽ മാന്യ നായിക്, പാണ്ഡു നായിക്, പാർവതി, മാണിക്യ നായിക് എന്നിവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് കോയിൽകൊണ്ട സർക്കിൾ ഇൻസ്പെക്ടർ ഗാന്ധി നായിക്കും സബ് ഇൻസ്പെക്ടർ നാഗരാജുവും അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img