
വിവാഹിതയായ യുവതിയെ ഫേസ്ബുക്ക് സുഹൃത്ത് കൊന്നു കുഴിച്ചുമൂടി. കർണാടകയിലാണ് സംഭവം. ഹാസനിലെ ഹൊസകൊപ്പലു സ്വദേശിനി പ്രീതി സുന്ദരേഷ് (28) ആണ് കൊല്ലപ്പെട്ടത്. ഒരാഴ്ച്ച മുമ്പ് മാത്രം പരിചയപ്പെട്ട ഫേസ്ബുക്ക് സുഹൃത്താണ് രണ്ടു മക്കളുടെ അമ്മ കൂടിയായ പ്രീതിയെ കൊന്ന് കുഴിച്ചുമൂടിയത്. സംഭവത്തിൽ ഇരുപത്തെട്ടുകാരനായ പുനീത് ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു.
മാണ്ഡ്യ ജില്ലയിലെ താമസക്കാരനായ പുനീത് എൻജിനിയറിങ് ബിരുദധാരിയാണ്. ഒരാഴ്ച്ച മുമ്പാണ് പുനീതും പ്രതീയും ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ഇതേ തുടർന്ന് പുനീതിന്റെ ക്ഷണം സ്വീകരിച്ച പ്രീതി ഹാസനിലെ ഒരു ഫാം ഹൗസിൽ എത്താമെന്ന് സമ്മതിക്കുകയായിരുന്നു.
ശനിയാഴ്ച ഫാം ഹൗസിലെത്തിയ ഇവർ തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. തുടർന്ന് ഗൗഡയുടെ മർദനത്തിൽ പ്രീതി കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട്, ഗൗഡ യുവതിയുടെ മൃതദേഹം കാറിൽ കൊണ്ടുപോയി കെആർ പേട്ടിലെ കട്ടരഘട്ടയിലെ മറ്റൊരു ഫാമിൽ കുഴിച്ചിടുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.
തിങ്കളാഴ്ച്ചയാണ് പ്രീതിയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പൊലീസിൽ പരാതിനൽകിയത്. തുടർന്ന് ബുധനാഴ്ച രാവിലെ ഫാം ഹൗസിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രീതിയുടെ കോൾ റെക്കോഡ് പരിശോധിച്ച പൊലീസ് ബുധനാഴ്ച വൈകീട്ടുതന്നെ പുനീതിനെ അറസ്റ്റ്‌ചെയ്യുകയായിരുന്നു.











