
പ്രണയം നിരസിച്ച പകയിൽ യുവതിയെ നടുറോഡിൽ ആക്രമിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയായ യുവാവും ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. തെലങ്കാനയിലെ ജഡ്ചേർലയിലാണ് സംഭവം. സ്വകാര്യ സ്കൂളിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 21കാരിയായ വൈ. വൈഷ്ണവിയാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസ് ഇറങ്ങി നടന്ന് പോകുകയായിരുന്ന യുവതിയെ പിന്തുടർന്നെത്തിയ യുവാവ് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ വൈഷ്ണവി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. തുടർന്ന് പ്രകോപിതരായ ചിലർ ഇയാളെ മർദിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
പ്രതിയുടെ പേര് തേജയെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. എന്നാൽ ഇയാളുടെ തിരിച്ചറിയൽ രേഖകളോ മൊബൈൽ ഫോണോ കണ്ടെത്താനായിട്ടില്ല. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
വൈഷ്ണവിയെ യുവാവ് നേരത്തേ മുതൽ ശല്യം ചെയ്തിരുന്നതായും പലതവണ പ്രണയാഭ്യർഥന നടത്തിയിരുന്നതായും വിവരമുണ്ട്. എന്നാൽ യുവതി അത് നിരസിച്ചതോടെ ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഇരുവരും മുൻപ് ഒരേ സ്കൂളിൽ ജോലി ചെയ്തിരുന്നവരാണെന്നും റിപ്പോർട്ടുകളുണ്ട്.










