
കാമുകിയെ കൊലപ്പെടുത്തി ഓടയിൽ തള്ളിയ യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് സംഭവം. ഭക്തി ജിതേന്ദ്ര മയേക്കർ (26) എന്ന യുവതിയെ കൊലപ്പെടുത്തിയ ദൂർവാസ് ദർശൻ പാട്ടീൽ എന്നയാളാണ് അറസ്റ്റിലായത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ, യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ ഇരുവരും തമ്മിൽ തർക്കമായി. തന്നെ ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭക്തിയുടെ നിലപാട്. ഇതോടെയാണ് യുവതിയെ കൊലപ്പെടുത്താൻ കാമുകൻ തീരുമാനിച്ചത്.
ഭക്തിയെ ഓഗസ്റ്റ് 17 മുതൽ കാണാതായിരുന്നു. സുഹൃത്തിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഭക്തി പിന്നീട് തിരികെ വന്നില്ല. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഖണ്ടാലയ്ക്ക് സമീപം യുവതിയുണ്ടെന്ന് പേൊലീസിന് വിവരം ലഭിച്ചു. യുവതിയ്ക്ക് അവസാനമായി വന്ന ഫോൺകോളുകൾ ദൂർവാസ് ദർശൻ പാട്ടീലിന്റേതായിരുന്നു.
ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തിൽ ദൂർവാസ് ദർശൻ കുറ്റം നിഷേധിച്ചു. പിന്നീട് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോൾ താൻ ഭക്തിയെ കൊലപ്പെടുത്തിയെന്ന് പോലീസിനോട് വെളിപ്പെടുത്തി. മറ്റൊരു സ്ത്രീയുമായുള്ള തന്റെ വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മിൽ പതിവായി വഴക്കിട്ടിരുന്നതായും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. മൃതദേഹം അംബ ഘട്ടിൽ ഉപേക്ഷിച്ചുവെന്ന് പറയുകയും ചെയ്തു. പൊലീസ് നടത്തിയ തിരച്ചിലിൽ അംബ ഘട്ടിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ദുർവാസ് ദർശന്റെ സഹായികളായ വിശ്വാസ് വിജയ് പവാർ, സുശാന്ത് ശാന്താറാം നരാൽക്കർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.











