
ലഖ്‌നൗ: കാണാതായ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ ഇട്ടാവയിൽ ഇരുപത്തഞ്ചുകാരിയായ അഞ്‌ലിയുടെ മൃതദേഹമാണ് പുഴയുടെ സമീപത്തുനിന്ന് കണ്ടെത്തിയത്. യുവതിയെ വസ്തുകച്ചവടക്കാരനും സഹായിയും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വസ്തുകച്ചവടക്കാരനായ ശിവേന്ദ്ര യാദവ്(25), ഇയാളുടെ ബിസിനസ് പങ്കാളിയും സഹായിയുമായ ഗൗരവ്(19) എന്നിവരാണ് പിടിയിലായത്.
വസ്തു ഇടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. സ്ഥലം വാങ്ങാനായി അഞ്ജലി നേരത്തേ ആറുലക്ഷം രൂപ ശിവേന്ദ്ര യാദവിന് നൽകിയിരുന്നതായാണ് കുടുംബം പറയുന്നത്. തുടർന്ന് സ്ഥലത്തിന്റെ രേഖകൾ കൈമാറാമെന്ന് പറഞ്ഞാണ് പ്രതി യുവതിയെ വിളിച്ചുവരുത്തിയത്. ഇതിനുശേഷം പ്രതികൾ യുവതിയെ മദ്യം കുടിപ്പിക്കുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നാലെ മൃതദേഹം കത്തിച്ച് പുഴയിൽ ഉപേക്ഷിച്ചെന്നും പൊലീസ് പറഞ്ഞു.