
കൊല്ലം: നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര എൻഎച്ച് ജംക്‌ഷന് കിഴക്ക് വിഷ്ണു നിവാസിൽ നാഗപ്പന്റെ മകൾ വൃന്ദ (27) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുകൾ നിലയിൽ നിന്ന് യുവതി താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. താഴേക്ക് വീണ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.
ഈ മാസം 20 മുതൽ എറണാകുളം സ്വദേശിയായ യുവാവിനൊപ്പമാണ് വൃന്ദ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചിരുന്നത്. ഇരുവരും കഴിഞ്ഞ കുറച്ചുകാലമായി ഒരുമിച്ച് താമസിച്ചിരുന്നതായും പൊലീസ് പറയുന്നു. യുവതി താമസിച്ചിരുന്ന മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിയായ യുവാവ് പൊലീസ് നിരീക്ഷണത്തിലാണ്.
മൃതശരീരം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.










