
വനിതാ ഡോക്ടറുടെ ശരീരത്തിൽ എച്ച്ഐവി അടങ്ങിയ രക്തം കുത്തിവെച്ച സംഭവത്തിൽ രണ്ടു യുവതികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കുർണൂലിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ നഴ്സായ ബി.ബോയ വസുന്ധര (34), കോങ്ക ജ്യോതി (40), രണ്ട് ആൺകുട്ടികൾ എന്നിവരാണ് അറസ്റ്റിലായത്. വസുന്ധരയുടെ മുൻ കാമുകന്റെ ഭാര്യയായ യുവതിയുടെ ശരീരത്തിലാണ് എച്ച്ഐവി അടങ്ങിയ രക്തം കുത്തിവെച്ചത്.
ജനുവരി 9ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ജനുവരി 10നാണ് കർണൂൽ ത്രീ ടൗൺ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. വസുന്ധരയും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഡോക്ടർ പ്രണയത്തിൽ നിന്നും പിന്മാറുകയും സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രഫസറായ മറ്റൊരു യുവതിയെ വിവാഹം ചെയ്യുകയുമായിരുന്നു. ഇത് വസുന്ധരയെ വല്ലാതെ നിരാശപ്പെടുത്തി. പിന്നാലെയാണ് ഡോക്ടറുടെ ഭാര്യയെ ഉപദ്രവിക്കാനായി വസുന്ധര പദ്ധതിയിട്ടത്. കുർണൂൽ സർക്കാർ ആശുപത്രിയിലെ നഴ്സിന്റെ സഹായത്തോടെയാണ് എച്ച്ഐവി ബാധിതനായ ഒരാളുടെ രക്ത സാമ്പിൾ വാങ്ങിയത്. ഗവേഷണ ആവശ്യത്തിനെന്ന് പറഞ്ഞാണ് ഇവർ രക്ത സാമ്പിൾ ശേഖരിച്ചത്. പിന്നാലെ അത് വസുന്ധരയുടെ വീട്ടിൽ സൂക്ഷിച്ചു.
ജനുവരി ഒമ്പതിന് ഉച്ചഭക്ഷണം കഴിക്കാനായി തന്റെ സ്കൂട്ടറിൽ വനിത ഡോക്ടർ വീട്ടിലേക്ക് മടങ്ങുമ്പോൾ സ്കൂട്ടറിലെത്തിയ രണ്ടുപേർ മനഃപൂർവം ഡോക്ടറെ ഇടിച്ചു വീഴ്ത്തി. ശേഷം വസുന്ധരയും ബൈക്കിലെത്തിയവരും സഹായിക്കാനെന്ന വ്യാജേന ഡോക്ടറുടെ അടുത്തേയ്ക്ക് എത്തി. ഡോക്ടറെ ഓട്ടോറിക്ഷയിലേക്ക് കയറ്റുന്നതിനിടെ എച്ച്ഐവി പോസറ്റീവായ രക്തം കുത്തിവെച്ചു. രക്തം കുത്തിവെച്ചതിനു ശേഷം പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു.
സംഭവത്തിനിടെ ഡോക്ടർ പ്രതികളെത്തിയ വാഹനത്തിന്റെ നമ്പർ എഴുതിയെടുത്തിരുന്നു. ഇത് പൊലീസിനെ ഏൽപ്പിച്ചു. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വനിത ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണ്.











