08:11am 07 November 2026
NEWS
ഭർത്താവിനെ വിട്ടുകിട്ടാൻ പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; വിരമിച്ച സിഐ ഉൾപ്പെടെ രണ്ട് പേർക്ക് 20 വർഷം തടവ്
07/11/2026  06:44 AM IST
nila
ഭർത്താവിനെ വിട്ടുകിട്ടാൻ പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; വിരമിച്ച സിഐ ഉൾപ്പെടെ രണ്ട് പേർക്ക് 20 വർഷം തടവ്

 

ലക്നൗ: നീതി തേടി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ സ്റ്റേഷനുള്ളിൽവച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് 20 വർഷം കഠിനതടവ്. ഉത്തർപ്രദേശിലെ സഹാറൻപുരിൽ 2015ൽ നടന്ന സംഭവത്തിലാണ് വിരമിച്ച സിഐ ബ്രിജ്മോഹൻ യാദവിനും ഇൻസ്പെക്ടർ വേദ്പാൽ സിങ്ങിനും ശിക്ഷ ലഭിച്ചത്. പതിനൊന്ന് വർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് 45കാരിയായ അതിജീവിതയ്ക്ക് നീതി ലഭിക്കുന്നത്.

യുവതിയുടെ ഭർത്താവിനെ വ്യാജ കേസിൽ കുടുക്കി പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാത്രിയിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഭർത്താവിനെ മോചിപ്പിക്കാൻ സഹായം തേടി രണ്ടു ദിവസത്തിനുശേഷം പത്തുവയസ്സുള്ള മകനോടൊപ്പം യുവതി പൊലീസ് സ്റ്റേഷനിലെത്തി. സഹായിക്കാമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാഗ്ദാനം.

പിന്നീട് വൈകുന്നേരം ഒരു പൊലീസുകാരൻ യുവതിയുടെ വീട്ടിലെത്തി സ്റ്റേഷൻ ഹൗസ് ഓഫീസറെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് യുവതി ഭർതൃസഹോദരിക്കും ഭർതൃമാതാവിനുമൊപ്പം സ്റ്റേഷനിലെത്തി. എന്നാൽ, ഇരുവരെയും പുറത്ത് ഇരുത്തിയശേഷം യുവതിയെ മാത്രം അകത്തെ മുറിയിലേക്ക് കൊണ്ടുപോയി. അവിടെ ബ്രിജ്മോഹൻ യാദവും വേദ്പാൽ സിങ്ങും മറ്റൊരു പൊലീസുകാരനും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.

യുവതിയുടെ നിലവിളി കേട്ട് എത്തിയ ഭർതൃസഹോദരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ ഭർത്താവിനെ ദീർഘകാലം ജയിലിൽ അടയ്ക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായി അതിജീവിത വെളിപ്പെടുത്തി.

പീഡനത്തിന് പിന്നാലെ പരാതി നൽകാൻ ശ്രമിച്ചെങ്കിലും പൊലീസ് സ്വീകരിച്ചില്ല. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചപ്പോഴും ആദ്യം നിരാശയായിരുന്നു ഫലം. ഇതോടെയാണ് യുവതി അലഹബാദ് ഹൈക്കോടതിയുടെ സഹായം തേടിയത്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സഹാറൻപുർ പൊലീസ് കേസെടുക്കാൻ തയ്യാറായത്.

നീണ്ട നിയമപോരാട്ടത്തിനുശേഷം പ്രതികൾക്ക് ശിക്ഷ ലഭിച്ചതിൽ സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് അതിജീവിത പ്രതികരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img