
ഇരുപത്തൊന്നുകാരിയായ യുവതിയെ ആൺസുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആയൂരിലാണ് സംഭവം. ചെറിയ വെളിനല്ലൂർ കോമൺപ്ലോട്ട് ചരുവിളപുത്തൻ വീട്ടിൽ അഞ്ജന സതീഷ് ആണ് മരിച്ചത്. സുഹൃത്ത് നിഹാസിന്റെ വീട്ടിൽ കഴിഞ്ഞ ആറ് മാസമായി താമസിച്ച് വരികയായിരുന്നു. കുറച്ച് ദിവസങ്ങളായി അഞ്ജനയും നിഹാസും തമ്മിൽ സ്വരച്ചേർച്ചയില്ലെന്നും വഴക്ക് പതിവായിരുന്നു എന്നുമാണ് വിവരം. സംഭവത്തിൽ ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
സ്വകാര്യ ബസ് കണ്ടക്ടറാണ് നിഹാസ്. ആറ് മാസം മുമ്പാണ് നിഹാസിനൊപ്പം അഞ്ജന താമസം തുടങ്ങിയത്. വീട്ടുകാരുടെ പരാതിയെത്തുടർന്ന് ഇരുവരെയും വിളിപ്പിച്ചെങ്കിലും സുഹൃത്തിനൊപ്പം പോകാനാണ് താത്പര്യമെന്ന് യുവതി കോടതിയിൽ അറിയിച്ചു. തുടർന്ന് ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മാർട്ടം നടപടികൾക്കായി മൃതദേഹം പാരിപ്പിള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അഞ്ജനയുടെ അച്ഛൻ: സതീഷ്. അമ്മ: അംബിക. സഹോദരൻ: അനന്തു.











