
തിരുവനന്തപുരം: രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസത്തിൽ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തച്ചോട് പൈപ്പിൻമൂടിനു സമീപം തണൽ വീട്ടിൽ താമസിക്കുന്ന ജിഷ (30) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30ഓടെയാണ് വീട്ടിനുള്ളിൽ ജിഷയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദ്യ ഭർത്താവ് ശരത്ത് ഒന്നര വർഷം മുൻപ് വിദേശത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. ഈ ബന്ധത്തിൽ എട്ടും അഞ്ചും വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്. കുട്ടികളോടൊപ്പം സ്വന്തം വീട്ടിലായിരുന്നു ജിഷ താമസിച്ചിരുന്നത്.
പതിനൊന്ന് ദിവസം മുൻപാണ് വർക്കല സ്വദേശിയായ അജി നടേശനുമായി ജിഷയുടെ രണ്ടാം വിവാഹം നടന്നത്. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ. എന്നാൽ ജിഷയുടെ വീട്ടിൽനിന്ന് ആരും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം.
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ജിഷ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന കാര്യമാണ് പൊലീസ് പരിശോധിക്കുന്നത്. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് വർക്കല പൊലീസ് അറിയിച്ചു.









