
തിരുവനന്തപുരത്ത് യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി പ്രവീണ(32)യാണ് മരിച്ചത്. പ്രവീണയെ ചിലർ ശല്യപ്പെടുത്തിയിരുന്നതായി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസിനെതിരെയും കുടുംബം ഗുരുതര ആരോപണങ്ങളാണ് ഉയർത്തുന്നത്.
പ്രവീണയെ ചിലർ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പരാതി നൽകിയിട്ടും പൊലീസിന്റെ ഇടപെടലുണ്ടായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. സഹോദരിക്കെതിരെ വ്യാജ പ്രചാരണങ്ങൾ ഉണ്ടായെന്ന് സഹോദരൻ പ്രവീൺ വെളിപ്പെടുത്തി. ഇതിന് പിന്നിൽ ചില നാട്ടുകാരും കുടുംബക്കാരും ആണ്. മാനസികമായി തളർന്ന നിലയിൽ ആയിരുന്നു സഹോദരിയെന്നും മൊബൈൽ ഫോണിൽ ഒരാൾ മോശം സന്ദേശങ്ങൾ അയച്ചുവെന്നും പ്രവീൺ പറയുന്നു.
കഴിഞ്ഞ ദിവസം ബൈക്കിൽ എത്തിയ അജ്ഞാതൻ പ്രവീണയുടെ വാഹനം ഇടിച്ചിട്ടെന്നും സഹോദരൻ ആരോപിച്ചു. അപകടത്തിൽ സഹോദരിക്ക് സാരമായി പരിക്കേറ്റു എന്നും പ്രവീൺ കൂട്ടിച്ചേർത്തു.











