
കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനി ഹസ്ന (34) ആണ് മരിച്ചത്. ഇവർ കഴിഞ്ഞ കുറച്ചുമാസങ്ങളായി കൈതപ്പൊയിലിലെ ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇവിടെ തൂങ്ങിമരിച്ചനിലയിലാണ് ഹസ്നയെ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഏറെ വൈകിയിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് സമീപത്തെ ഫ്ളാറ്റിൽ താമസിക്കുന്ന വ്യക്തി ഫ്ളാറ്റ് ഉടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഹസ്നയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഉടൻ തന്നെ താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ എട്ട് മാസമായി ഹസ്ന കൈതപ്പൊയിലിൽ ഒരു യുവാവിനൊപ്പം താമസിച്ചുവരികയായിരുന്നു. ഹസ്ന വിവാഹമോചിതയാണെന്നും മൂന്ന് മക്കളുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതിൽ മൂത്ത മകൻ മാത്രമാണ് നിലവിൽ ഹസ്നയോടൊപ്പം താമസിച്ചിരുന്നത്. കുടുംബവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ മൂലം ഹസ്ന മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി സമീപവൃത്തങ്ങൾ പറയുന്നു.
ഹസ്നയോടൊപ്പം താമസിച്ചിരുന്ന യുവാവും വിവാഹമോചിതനാണ്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഹസ്നയുടെ മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.











