10:24am 12 November 2026
NEWS
നെഞ്ചിൽതള്ളി, കരണത്ത് ആഞ്ഞടിച്ചു; എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ യുവതി നേരിട്ടത് കൊടുംക്രൂരത
19/12/2025  06:26 AM IST
nila
നെഞ്ചിൽതള്ളി, കരണത്ത് ആഞ്ഞടിച്ചു; എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ യുവതി നേരിട്ടത് കൊടുംക്രൂരത

കൊച്ചി: ​ഗർഭിണിയായ യുവതിക്ക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 2024 ജൂൺ 19-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നോർത്ത് പൊലീസ് സ്റ്റേഷനു സമീപം ടൂറിസ്റ്റ് ഹോം നടത്തുന്ന ബെൻജോ ബേബിയുടെ ഭാര്യ ഷൈമോൾക്കാണ് ക്രൂരമായ മർദ്ദനമേറ്റത്. അന്ന് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന കെ.ജി. പ്രതാപചന്ദ്രൻ ഷൈമോളെ നെഞ്ചിൽ തള്ളുകയും കരണത്തടിക്കുകയുമായിരുന്നു. 

“ഭർത്താവിനെ പോലീസ് അടിക്കുന്നതു കണ്ടാണ് ഞാൻ സ്റ്റേഷനിലേക്ക് കയറിയത്. ചോദ്യം ചെയ്തതിന്റെ പേരിൽ എനിക്കെതിരേയും കൈയേറ്റമുണ്ടായി” –  മർദനമേറ്റ ഷൈമോൾ പറയുന്നു.സംഭവം നടക്കുമ്പോൾ ഷൈമോൾ ഗർഭിണിയായിരുന്നു. സ്റ്റേഷനിൽ നിന്ന് 150 മീറ്റർ മാത്രം അകലെയാണു ദമ്പതികളുടെ ടൂറിസ്റ്റ് ഹോം. പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്തുനിന്നുകൊണ്ടുതന്നെ നീതിനിഷേധത്തിനെതിരേ ഇരുവരും നിയമപോരാട്ടം നടത്തുകയായിരുന്നു. 

മർദനത്തെ തുടർന്ന് ഷൈമോൾ ആശുപത്രിയിൽ ചികിത്സ തേടുകയും പരാതി നൽകുകയും ചെയ്തതോടെ, പൊലീസ് മറ്റൊരു കഥയുമായി രംഗത്തെത്തിയതായി അവർ ആരോപിക്കുന്നു. സ്റ്റേഷനിൽ അതിക്രമം കാണിച്ചെന്നും സി.ഐയുടെ ദേഹം മാന്തിപ്പറിച്ചെന്നും ഫർണിച്ചറിന് കേടുപാടുണ്ടാക്കിയെന്നുമുള്ള കുറ്റങ്ങളാണ് തനിക്കെതിരേ ചുമത്തിയതെന്ന് ഷൈമോൾ പറഞ്ഞു. തങ്ങളെയിരുവരെയും മർദിക്കുകയും വ്യാജ കേസിൽ കുടുക്കുകയും ചെയ്തതോടെയാണ് നിയമവഴി തേടാൻ തീരുമാനിച്ചതെന്നും അവർ പറയുന്നു.

രണ്ട് ദിവസം മുൻപ് നടന്ന മറ്റൊരു സംഭവത്തോടെയാണ് ദമ്പതികൾ പൊലീസിന്റെ നോട്ടപ്പുള്ളികളായി മാറിയത്. സമീപത്തെ ഹോട്ടലിലെ രണ്ട് ജീവനക്കാരെ പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ ബെൻജോ മൊബൈൽ ഫോണിൽ പകർത്തിയതോടെയാണ് സംഘർഷം തുടങ്ങിയത്. ഈ ദൃശ്യം പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ്, കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് കേസ് രജിസ്റ്റർ ചെയ്തതായാണ് ദമ്പതികളുടെ വിശദീകരണം.

രണ്ട് ദിവസം കഴിഞ്ഞ് വീഡിയോ ആവശ്യപ്പെട്ട് പൊലീസ് വീണ്ടും കടയിലെത്തുകയും, നൽകാൻ വിസമ്മതിച്ച ബെൻജോയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പിന്നാലെ സ്റ്റേഷനിലെത്തിയ ഷൈമോൾ ഭർത്താവിനെ മർദിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇത് തടയാൻ ശ്രമിച്ചതോടെയാണ് യുവതിക്ക് എസ്എച്ച്ഒയുടെ ക്രൂരമർദ്ദനം നേരിടേണ്ടി വന്നത്. 

നീതിക്കായി ദമ്പതികൾ കോടതിയെ സമീപിച്ചതോടെയാണ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്. സിഐക്കെതിരേ എറണാകുളം എസിജെഎം കോടതിയിൽ നൽകിയ സ്വകാര്യ അന്യായം ഇപ്പോഴും പരിഗണനയിലാണ്. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് 2024 ജൂൺ 19–20 തീയതികളിലെ സിസിടിവി ദൃശ്യങ്ങൾ പരാതിക്കാർക്ക് കൈമാറിയത്.

നീതിക്കായുള്ള പോരാട്ടം തുടരുമെന്ന ഉറച്ച നിലപാടിലാണ് ദമ്പതികൾ. സംഭവത്തിൽ ആരോപണം നേരിടുന്ന കെ.ജി. പ്രതാപചന്ദ്രൻ നിലവിൽ അരൂർ പോലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img