08:21pm 07 September 2026
NEWS
ഭക്ഷണം തയ്യാറാക്കാതെ ഡാൻസ് ക്ലാസിന് പോകാനൊരുങ്ങി; ഭർത്താവിന്റെ മർദ്ദനമേറ്റ് യുവതിക്ക് ദാരുണാന്ത്യം
05/09/2026  07:46 PM IST
nila
ഭക്ഷണം തയ്യാറാക്കാതെ ഡാൻസ് ക്ലാസിന് പോകാനൊരുങ്ങി; ഭർത്താവിന്റെ മർദ്ദനമേറ്റ് യുവതിക്ക് ദാരുണാന്ത്യം

നാഗ്പുർ: ഭക്ഷണം തയാറാക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവിന്റെ ക്രൂരമർദനമേറ്റ് യുവതി മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് ഞെട്ടിക്കുന്ന സംഭവം. യാമിനി കൃഷ്ണ ലാൽ യാദവ് (38) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് കൃഷ്ണ ലാൽ യാദവ് (41)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കൃഷ്ണ ലാൽ തനിക്കും കുട്ടികൾക്കും ഭക്ഷണം തയാറാക്കാൻ യാമിനിയോട് ആവശ്യപ്പെട്ടു. എന്നാൽ ഹൗസിങ് സൊസൈറ്റിയിൽ നടക്കുന്ന ഡാൻസ് ക്ലാസിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലായിരുന്ന യാമിനി പാചകം ചെയ്യാൻ വിസമ്മതിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.

മദ്യലഹരിയിലായിരുന്ന കൃഷ്ണ ലാൽ കുട്ടികളുടെ മുന്നിൽവച്ച് യാമിനിയെ കഴുത്തിലും വയറ്റിലും ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തെ തുടർന്ന് കടുത്ത വേദന അനുഭവപ്പെട്ട യാമിനി വേദനസംഹാരി ഗുളിക വാങ്ങിനൽകാൻ ഭർത്താവിനോട് ആവശ്യപ്പെട്ടു.

തുടർന്ന് കൃഷ്ണ ലാൽ മെഡിക്കൽ സ്റ്റോറിലേക്ക് പോയെങ്കിലും കട അടച്ചിരുന്നതിനാൽ മരുന്നില്ലാതെ മടങ്ങി. ഇതിനിടെ യാമിനിയുടെ ആരോഗ്യനില കൂടുതൽ വഷളായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് മരണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. യാമിനിയുടെ കഴുത്തിലെ എല്ലിന് ഒടിവും കുടലിന് ഗുരുതരമായ പരുക്കും കണ്ടെത്തി. ഇതിന് പിന്നാലെയാണ് പൊലീസ് കൃഷ്ണ ലാലിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img