
വിജയവാഡ: ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിനുള്ള ഒരുക്കങ്ങൾക്കിടെ തിളച്ച സാമ്പാറിൽ വീണ് യുവതി മരിച്ചു. വിജയവാഡ സ്വദേശിനി സുജാത (46)യാണ് ചികിത്സയ്ക്കിടെ മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു ദാരുണമായ അപകടം.
ഭക്തർക്കായി അന്നദാനം ഒരുക്കുന്നതിനായി പാചകപ്പുരയിൽ ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു സുജാത. ഇതിനിടെ തിളച്ച സാമ്പാർ നിറച്ച വലിയ ചെമ്പ് മാറ്റുന്നതിനിടെ കാൽ വഴുതി ചെമ്പിനുള്ളിലേക്ക് വീഴുകയായിരുന്നു.
സുജാതയും മറ്റൊരാളും ചേർന്ന് വലിയ ചെമ്പ് മാറ്റുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ സുജാതയെ സംഘാടകർ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ പൊള്ളലേറ്റതിനെ തുടർന്നുള്ള ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സുജാത തിളച്ച സാമ്പാറിലേക്ക് വീഴാനിടയായ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.











