
ഹൈദരാബാദ്∙ രാജ്യസഭ എംപിയുടെ മകൻ അമിതവേഗത്തിൽ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു. സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് കുറ്റം ചുമത്തി. ജനസേന പാർട്ടി എംപി ലിങ്കമനേനി രമേഷിന്റെ മകൻ ലിങ്കമനേനി സഞ്ജുഷ് (21) ആണ് കേസിലെ പ്രതി. ഭാരതി മുഖി എന്ന ഇരുപത്താറുകാരിയാണ് മരിച്ചത്. ഇനോർബിറ്റ് മാളിലെ വസ്ത്രശാലയിൽ ജീവനക്കാരിയായിരുന്നു ഭാരതി മുഖി.
ഓഗസ്റ്റ് 16ന് മധപുരിലാണ് അപകടമുണ്ടായത്. ജോലി സ്ഥലത്തിന് സമീപം സുഹൃത്തിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ ഭാരതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കാർ ഓടിച്ചിരുന്നത് സഞ്ജുഷാണെന്ന് ഹൈദരാബാദ് പൊലീസ് കണ്ടെത്തിയത്. എന്നാൽ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിയുടെ പിതാവ് ലിങ്കമനേനി രമേഷ് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ജനസേന പാർട്ടിയിൽനിന്നുള്ള രാജ്യസഭാംഗമാണ്.
സഞ്ജുഷിന് നോട്ടിസ് നൽകിയതായി മധപുരിലെ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. കുറ്റം തെളിഞ്ഞാൽ പരമാവധി ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.










