
തിരുവല്ല: കയ്യിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ 45കാരി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി.ജി. വിദ്യയാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഈ മാസം 16നാണ് വിദ്യ കയ്യിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ ആരോഗ്യനില ഗുരുതരമായി. തുടർന്ന് വിദ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാത്രിയോടെയാണ് വിദ്യ മരിച്ചത്. സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ തിരുവല്ല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, ചികിത്സയിൽ യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നാണ് സ്വകാര്യ ക്ലിനിക് അധികൃതരുടെ വിശദീകരണം. ശസ്ത്രക്രിയയ്ക്കിടെ വിദ്യയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് ആരോഗ്യനില ഗുരുതരമായതെന്നും അധികൃതർ വ്യക്തമാക്കി.
വിദ്യയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിൽ പരിശോധിക്കും.
വിദ്യയുടെ ഭർത്താവ് എസ്. സന്തോഷ്. മക്കൾ: സിദ്ധാർഥ്, സംഗീത്.










