
ന്യൂഡൽഹി: കാമുകനുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് ഞെട്ടിക്കുന്ന സംഭവം. യുവാവ് വിവാഹത്തിൽനിന്ന് പിന്മാറിയതാണ് യുവതിയെ കടുത്ത മാനസിക സമ്മർദത്തിലാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും കുടുംബം പരാതിയിൽ ആരോപിച്ചു.
സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതി സുഹൃത്തിനൊപ്പമായിരുന്നു താമസം. അമരാവതി സ്വദേശിയായ 34കാരനായ യുവാവ് പൂണെയിൽ ഗവേഷക വിദ്യാർഥിയാണ്. ഇരുവരും വർഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
കുറച്ച് മാസങ്ങൾക്ക് മുൻപ് യുവാവും സുഹൃത്തും യുവതിയുടെ മാതാവിനെ സമീപിച്ച് വിവാഹം കഴിക്കാനുള്ള താൽപര്യം അറിയിച്ചിരുന്നു. എന്നാൽ യുവാവിന്റെ കുടുംബം ഈ ബന്ധത്തെ എതിർത്തു. ഇക്കാര്യം യുവതിയിൽനിന്ന് മറച്ചുവച്ച യുവാവ് നാഗ്പുരിലെത്തി അവരെ കാണുന്നത് തുടർന്നെന്നാണ് പൊലീസ് പറയുന്നത്.
വിവാഹത്തെക്കുറിച്ച് യുവതി ആവർത്തിച്ച് ചോദിച്ചപ്പോഴും യുവാവ് ഒഴിഞ്ഞുമാറുകയായിരുന്നു. ഒടുവിൽ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് യുവാവ് അറിയിച്ചതോടെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ രൂക്ഷമായതെന്നാണ് വിവരം.
സെപ്റ്റംബർ 19ന് രാത്രിയിലാണ് സംഭവം. യുവതി യുവാവിനെ വീഡിയോ കോൾ ചെയ്ത് താൻ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് അറിയിച്ചതായി പരാതിയിൽ പറയുന്നു. യുവതിയെ തടയാൻ യുവാവ് ശ്രമിച്ചില്ലെന്നും വീഡിയോ കോൾ തുടരുന്നതിനിടെയാണ് യുവതി ജീവനൊടുക്കിയതെന്നും മാതാവ് ആരോപിച്ചു.
യുവതിയുടെ മരണത്തിന് ശേഷവും 23 മിനിറ്റോളം വീഡിയോ കോൾ തുടർന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
അതേസമയം, വിവാഹത്തിന് നിർബന്ധിച്ചാൽ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. വിവാഹം നിരസിച്ചതും തുടർച്ചയായ ഭീഷണികളും യുവതിയെ കടുത്ത മാനസിക സമ്മർദത്തിലാക്കിയെന്നാണ് കുടുംബത്തിന്റെ പരാതി.
സംഭവത്തിൽ യുവാവിനെതിരെ ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. യുവാവിനെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.










