
ട്രെയിനിന് അടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര റയിൽവെ സ്റ്റേഷനിലാണ് സംഭവം. കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തെൻ വീട്ടിൽ മിനി (42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. സേലത്ത് രണ്ടാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയായ മകൾ നിമിഷയെ യാത്രയാക്കാനെത്തിയപ്പോഴാണ് മിനി അപകടത്തിൽപെട്ടത്.
ഓണം അവധി കഴിഞ്ഞ് കോളജിലേക്ക് മടങ്ങിപോകുന്ന മകളെ വേളാങ്കണ്ണി ട്രെയിനിൽ കയറ്റിവിടാനായാണ് മിനിയും ഭർത്താവ് ഷിബുവും റയിൽവെ സ്റ്റേഷനിലെത്തിയത്. മകളുടെ ബാഗുകളും മറ്റും വയ്ക്കാനായി മിനി ട്രെയിനിനുള്ളിലേക്ക് കയറിയിരുന്നു. എന്നാൽ ബാഗ് വച്ച് മിനി പുറത്തിറങ്ങുന്നതിനു മുൻപേ ട്രെയിൻ മുന്നോട്ടു നീങ്ങി. ട്രെയിനിൽ നിന്ന് പുറത്തിറങ്ങാനായി ഇവർ വാതിൽപടിയിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയെങ്കിലും ട്രെയിനിന് അടിയിൽ പെടുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മിനി യെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.











