മറ്റു സ്ത്രീകളുമായി അവിഹിതബന്ധമെന്നാരോപിച്ച് യുവതി ഭർത്താവിന്റെ ജനനേന്ദ്രിയം അറുത്തെടുത്തു

ധാക്ക: വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യ ഭർത്താവിന്റെ ജനനേന്ദ്രിയം അറുത്തെടുത്തു. ബംഗ്ലാദേശിൽ യുവാവിനെ ഭാര്യ ക്രൂരമായി ആക്രമിച്ച സംഭവം സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചയാകുന്നു. ഫരീദാബാദ് സ്വദേശിയായ ഹനീഫിനാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
രാത്രിയിൽ ഉറങ്ങിക്കിടന്ന ഹനീഫിനെ ഭാര്യ സുമിയ മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയവും രണ്ടാമതൊരു വിവാഹത്തിന് ശ്രമിച്ചെന്ന ആരോപണവുമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടുകൾ പറയുന്നു.
ഹനീഫിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിച്ചു. മുറിവേറ്റ ഹനീഫ് വീടിന് പുറത്തേക്ക് ഓടുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
സംഭവത്തിന് പിന്നാലെ നാട്ടുകാർ സുമിയയെ പിടികൂടി പൊലീസിന് കൈമാറി. ദമ്പതികൾക്കിടയിൽ ഏറെ നാളായി കുടുംബപ്രശ്നങ്ങളും നിരന്തര തർക്കങ്ങളും ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇത് കേരളത്തിൽ നടന്ന സംഭവമാണെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ തെറ്റാണ്. ബംഗ്ലാദേശിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.











