02:51am 02 May 2026
NEWS
മകനെ ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് പോയ സുനിതയെ ഇന്ത്യക്ക് കൈമാറി
27/05/2025  01:23 PM IST
nila
മകനെ ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് പോയ സുനിതയെ ഇന്ത്യക്ക് കൈമാറി

മകനെ ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് പോയ യുവതിയെ ഇന്ത്യക്ക് കൈമാറി. നാഗ്പുർ സ്വദേശിനി സുനിത ജാംഗഡെയെ (43) ശനിയാഴ്ച്ചയാണ് പാക് അധികൃതർ ബിഎസ്എഫിന് കൈമാറിയത്. നിലവിൽ ഇവർ അമൃത്സർ പൊലീസിന്റെ കസ്റ്റഡിയിലാണ്. സുനിതയെ കസ്റ്റഡിയിലെടുക്കാൻ നാ​ഗ്പൂർ പൊലീസ് അമൃത്സറിലെത്തും. 

ഓൺലൈനിലൂടെ പരിചയപ്പെട്ടയാളെ കാണാനായാണ് സുനിത നിയന്ത്രണരേഖ മറികടന്ന് പാകിസ്ഥാനിലേക്ക് പോയതെന്നാണ് റിപ്പോർട്ട്. യുവതിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.  ചാരവൃത്തിയിലോ മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലോ യുവതി ഏർപ്പെട്ടിരുന്നോ എന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. 

നോർത്ത് നാഗ്പുരിലെ ആശുപത്രിയിൽ നഴ്സായിരുന്നു സുനിത. ഇതിനു മുൻപു രണ്ടു തവണ പാക്കിസ്ഥാനിലേക്ക് പോകാൻ ശ്രമം നടത്തിയിരുന്നെങ്കിലും അട്ടാരി അതിർത്തിയിൽവച്ച് മടക്കി അയയ്ക്കുകയായിരുന്നു.മേയ് 14നാണ് അതിർത്തി കടന്നതെങ്കിലും മേയ് 4ന് സുനിത വീടുവിട്ടിറങ്ങിയെന്നാണു വിവരം. 13 വയസ്സുള്ള മകനൊപ്പം കാർഗിലിൽ എത്തിയ സുനിത, ഇന്ത്യൻ സൈന്യത്തിന്റെ കണ്ണു വെട്ടിച്ച് നിയന്ത്രണരേഖ കടക്കുകയായിരുന്നു. 

മടങ്ങിവരാമെന്നും ഇവിടെ തന്നെ കാത്തുനിൽക്കണമെന്നും മകനോട് പറഞ്ഞശേഷമാണ് സുനിത പോയത്. നിയന്ത്രണരേഖയ്ക്ക് അടുത്ത് കുട്ടിയെ ഒറ്റയ്ക്ക് കണ്ടതോടെ ഗ്രാമവാസികൾ ലഡാക്ക് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടി പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടി നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി)യുടെ സംരംക്ഷണത്തിലാണുള്ളത്. വൈകാതെ കുട്ടിയെയും നാഗ്പുരിലേക്ക് തിരികെ കൊണ്ടുവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img