
കുടുംബ തർക്കത്തിനിടെ വനിതാ കൗൺസിലറെ ഭർത്താവ് കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ തിരുനിന്ദ്രാവൂർ മുൻസിപ്പാലിറ്റിയിലെ കൗൺസിലറായ ഗോമതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് സ്റ്റീഫൻ രാജ് മുപ്പത്തെട്ടുകാരിയായ ഗോമതിയെ വെട്ടിക്കൊല്ലുകയായിരുന്നു. മറ്റൊരു പുരുഷനുമായി യുവതിക്ക് ബന്ധമുണ്ടെന്ന ഭർത്താവിന്റെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വിസികെ നേതാക്കളാണ് ഗോമതിയും ഭർത്താവും. പത്തു വർഷം മുൻപ് വിവാഹിതരായ ഇവർ 4 കുട്ടികൾക്കൊപ്പം പെരിയ കോളനിയിലാണു താമസിച്ചിരുന്നത്. കുറച്ച് മാസങ്ങളായി ഇരുവരും തമ്മിൽ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ഗോമതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്നായിരുന്നു ഭർത്താവിന്റെ ആരോപണം. വെള്ളിയാഴ്ച രാത്രി, തർക്കമുണ്ടായതിനു പിന്നാലെ, ഭർത്താവ് സ്റ്റീഫൻ രാജ് യുവതിയെ വെട്ടുകയായിരുന്നു. യുവതി സംഭവ സ്ഥലത്തു തന്നെ മരിച്ചു. കൊലപാതകത്തിനു പിന്നാലെ സ്റ്റീഫൻ രാജ് പൊലീസിൽ കീഴടങ്ങി.
തിരുവള്ളൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗോമതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവള്ളൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.











