
ട്രെയിനിൻറെ എൻജിന് മുകളിൽ കയറി നിന്ന യുവതി യാത്രക്കാരെയും റയിൽവെ ഉദ്യോഗസ്ഥരെയും പരിഭ്രാന്തിയിലാഴ്ത്തി. തമിഴ്നാട്ടിലെ താംബരം റെയിൽവേ സ്റ്റേഷനിലാണ് യുവതി ട്രെയിന് മുകളിൽ കയറി നിന്നത്. ഉയർന്ന വോൾട്ടേജുള്ള ഓവർഹെഡ് വൈദ്യുതി ലൈനിൽ തൊടാനും യുവതി ശ്രമിച്ചെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ഫ്ലൈഓവറിനടുത്ത് നിർത്തിയിട്ടിരുന്ന ട്രെയിന്റെ എൻജിൻറെ മുകളിൽ യുവതി കയറിയത്. യുവതി യാതൊരു കൂസലുമില്ലാതെ ട്രെയിൻ എൻജിൻറെ മുകളിൽ നിൽക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. യുവതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നാൽപ്പത് വയസ് പ്രായം തോന്നിപ്പിക്കുന്ന യുവതി ഹിന്ദിയിലാണ് സംസാരിച്ചിരുന്നത്. എന്തിനാണ് യുവതി എൻജിന് മുകളിൽ കയറിയത് എന്നതിലും അന്വേഷണം നടക്കുകയാണ്.
കാഴ്ച കണ്ട് ഭയന്ന യാത്രക്കാരാണ് വിവരം റെയിൽവേ ഉദ്യോഗസ്ഥരെ അറിയിക്കുന്നത്. റെയിൽവേ ജീവനക്കാർ ഉടൻ തന്നെ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും റൂട്ടിലെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തതു. പിന്നാലെ റെയിൽവേ സംരക്ഷണ സേനയും റെയിൽവേ പോലീസും സ്ഥലത്തെത്തി. ഇവരിൽ ഒരു സംഘം എൻജിന് മുകളിൽ കയറിയാണ് യുവതിയെ താഴെയിറക്കിയത്











