
മുപ്പത്തിരണ്ടുകാരി ശാരീരികബന്ധത്തിനിടെ യുവാവിനെ കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ ബറേലിയിലാണ് ഇഖ്ബാൽ എന്ന തുന്നൽക്കാരൻ കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇഖ്ബാൽ ലൈംഗികബന്ധത്തിലേർപ്പെടാനായി തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്ന് യുവതി പൊലീസിന് മൊഴിനൽകി. ഇതിനാലാണ് ലൈംഗികബന്ധത്തിലേർപ്പെടുന്നതിനിടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നും യുവതി വെളിപ്പെടുത്തി.
യുവതിയുടെ ഗ്രാമത്തിലെ വീടുകളിൽ ഇഖ്ബാൽ പതിവായി സന്ദർശനം നടത്താറുണ്ടായിരുന്നു. ഇതിനിടയിലാണ് യുവതിയെ പരിചയപ്പെടുന്നതും ഫോൺനമ്പർ കൈമാറുന്നതും. തുടർന്ന് ഇരുവരും ഫോണിൽ പതിവായി സംസാരിക്കാറുണ്ടായിരുന്നു. ഇതിനിടെ വസ്ത്രത്തിൽ തുന്നൽജോലി ചെയ്യാനെന്ന വ്യാജേന ഇഖ്ബാൽ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി നിർബന്ധപൂർവം ലൈംഗികബന്ധത്തിന് വിധേയയാക്കി. യുവതിയുടെ കോൾ റെക്കോഡിങ് തന്റെ പക്കലുണ്ടെന്നും കുടുംബം തകർക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് ലൈംഗിക ബന്ധത്തിന് വിധേയയാക്കിയത്.
ശാരീരികബന്ധത്തിൽ ഏർപ്പെടാൻ ഇഖ്ബാൽ പലതവണ നിർബന്ധിച്ചുവെന്നും അതേത്തുടർന്ന് വലിയ ബുദ്ധിമുട്ടുണ്ടായെന്നും യുവതി പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ഇഖ്ബാൽ, ഭാര്യയെ അവരുടെ വീട്ടിലാക്കാൻ പോയിരുന്നു. തിരികെ വരുന്നവഴിക്ക് കാണണമെന്ന് താൻ ഇഖ്ബാലിനോടു പറഞ്ഞതായി യുവതി പോലീസിന് മൊഴിനൽകി. കാണാനെത്തിയ ഇഖ്ബാൽ, ഭർത്താവിനെ ഉറക്കിക്കിടത്താനായി രണ്ട് ഉറക്കഗുളികകൾ യുവതിക്ക് നൽകി. ഭർത്താവിനെ ഉറക്കിക്കിടത്തിയ ശേഷം രാത്രി, യുവതി ഇഖ്ബാലിനെ വിളിച്ചു. വീട്ടിൽ തനിച്ചായതിനാൽ തന്റെ വീട്ടിലേക്ക് വരാൻ ഇഖ്ബാൽ യുവതിയെ നിർബന്ധിച്ചു. ഇഖ്ബാലിന്റെ ബ്ലാക്ക്‌മെയിലിങ്ങിൽ വലഞ്ഞ യുവതി, ഒന്നുകിൽ സ്വന്തം ജീവൻ ഒടുക്കുക അല്ലെങ്കിൽ ഇഖ്ബാലിനെ കൊലപ്പെടുത്തുക എന്ന തീരുമാനത്തിലെത്തി. തുടർന്ന് ഇഖ്ബാലിന്റെ വീട്ടിലെത്തിയതോടെ ഇയാൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. ലൈംഗികബന്ധത്തിലേർപ്പെടുന്നതിനിടെ യുവതി ഇഖ്ബാലിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കോണിപ്പടിക്ക് താഴെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു.











