
വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ പാർവതി മായ ഷാജിക്കെതിരെ കൂടുതൽ പരാതികൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സമാനമായ തട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ പാർവതിയുടെ നേതൃത്വത്തിൽ നടന്നത് കോടികളുടെ തട്ടിപ്പാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
പാർവതിക്കു പുറമേ ഭർത്താവ് അനീഷ് മേനോൻ, സ്ഥാപനത്തിലെ മാനേജർമാരായ അഭിജിത്ത്, അജു കെ. മാത്യു, വിഷ്ണു വിജയൻ, ഷാജി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇവരെയും ഉടൻ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. അനീഷ് നിലവിൽ ദുബായിലാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇയാൾക്കെതിരെ നിരവധി തട്ടിപ്പ് കേസുകളും മണി ചെയിൻ കേസുകളും ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ലുക്കൗട്ട് നോട്ടിസ് നിലവിലിരിക്കെയാണ് പാർവതി വ്യാഴാഴ്ച രാവിലെ വിദേശത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച ശേഷം പാർവതിയെ പൊലീസിന് കൈമാറുകയായിരുന്നു.
ഇടപ്പള്ളിയിലെ ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്, പാലാരിവട്ടത്തെ ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് എന്നീ സ്ഥാപനങ്ങൾ വഴിയാണ് വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതെന്നാണ് കേസ്. അർമീനിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലി വിസ നൽകാമെന്ന് പറഞ്ഞ് ഒരാളിൽനിന്ന് മാത്രം 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നിലവിൽ പാർവതിയെ അറസ്റ്റ് ചെയ്തത്.
പാർവതി അറസ്റ്റിലായതിനു പിന്നാലെ കൂടുതൽ പരാതികളുമായി ആളുകൾ പൊലീസ് സ്റ്റേഷനിലെത്തി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ മാത്രം ഇന്നലെ 25-ലേറെ പേരാണ് പരാതിയുമായി എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഇതിൽ ഉൾപ്പെടുന്നു. കോഴിക്കോട്, തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിലും പാർവതിക്കെതിരെ ഒന്നിലധികം കേസുകളുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
2023 മുതലാണ് പലരും പണം നൽകിയതെന്നാണ് പരാതികളിൽ പറയുന്നത്. കാനഡയിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും ഉയർന്ന ശമ്പളത്തിൽ ജോലി നൽകാമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം ചെയ്തായിരുന്നു ആളുകളെ ആകർഷിച്ചിരുന്നത്. ആഡംബര കാറുകൾക്കും വിലകൂടിയ ആഭരണങ്ങൾക്കുമൊപ്പമുള്ള ചിത്രങ്ങളും റീലുകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നതായും പൊലീസ് പറയുന്നു.
പണം നൽകിയ ശേഷം ജോലി ലഭിക്കാതെ വന്നപ്പോൾ പണം തിരികെ ആവശ്യപ്പെട്ടവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയെന്ന പരാതികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വിവിധ തട്ടിപ്പ് കേസുകളിൽ നിയമനടപടികൾ നേരിടാൻ നിരവധി അഭിഭാഷകർ പാർവതിക്കുവേണ്ടി ഹാജരാകുന്നുണ്ടെന്നും പൊലീസ് പറയുന്നു.
ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയ പാർവതി മായ ഷാജിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, മറ്റ് പ്രതികളുടെ പങ്ക്, പരാതിക്കാരിൽനിന്ന് വാങ്ങിയ പണം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. ഇന്ന് രാവിലെ 11ന് പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും.










