
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ 25-കാരിയായ യുവതിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ജൂലൈ 23-ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് രുചിക സിങ് എന്ന യുവതി വിവാദ പരാമർശം നടത്തിയതെന്നാണ് പരാതി. സ്വകാര്യ വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അന്തസ്സിനെ അപമാനിക്കുന്നതും പൊതുസമാധാനം തകർക്കാൻ ഇടയാക്കുന്നതുമായ പ്രസ്താവനകളാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സംഭവസ്ഥലം ഡൽഹിയിലായിരുന്നെങ്കിലും, സീറോ എഫ്‌ഐആർ ആയി നോയിഡ എക്സ്പ്രസ് വേ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് കേസ് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.
ഭാരതീയ ന്യായ സംഹിതയിലെ പൊതുസമാധാനം ലംഘിക്കാൻ പ്രേരിപ്പിക്കൽ, പൊതുജനങ്ങൾക്ക് ദോഷകരമായ പ്രസ്താവനകൾ, അപകീർത്തിപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇതിനിടെ, ക്രിമിനൽ നിയമം ഉപയോഗിച്ചുള്ള നടപടിയെ വിമർശിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) രംഗത്തെത്തി. അപകീർത്തികരമായ ഭാഷ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിനെതിരെ സിവിൽ അല്ലെങ്കിൽ ക്രിമിനൽ അപകീർത്തി കേസ് നൽകാൻ നിയമപരമായ മാർഗങ്ങളുണ്ടെങ്കിലും, കേവലം ആക്ഷേപകരമായ പരാമർശങ്ങളുടെ പേരിൽ ക്രിമിനൽ നിയമം പ്രയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പാർട്ടി വക്താവ് സൗരവ് ദാസ് പറഞ്ഞു.
ഇത്തരം നടപടികൾ സമൂഹത്തിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുമെന്നും പ്രത്യേകിച്ച് യുവതലമുറയുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, പൊതുപ്രവർത്തകരെക്കുറിച്ചുള്ള പരാമർശങ്ങളിൽ എല്ലാവരും സംയമനവും ഉത്തരവാദിത്തവും പാലിക്കണമെന്നും ദാസ് കൂട്ടിച്ചേർത്തു.
അതേസമയം, വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ മാത്രമേ നിയമനടപടി സ്വീകരിക്കുകയുള്ളുവെന്ന് ഡൽഹി സർക്കാർ വീണ്ടും വ്യക്തമാക്കി. വിദ്യാർഥികൾക്കൊപ്പമാണ് സർക്കാർ നിലകൊള്ളുന്നതെന്നും പ്രതിഷേധത്തിന്റെ മറവിൽ അക്രമം സൃഷ്ടിക്കാൻ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധർക്കെതിരെ കർശന നടപടി തുടരുമെന്നും ആഭ്യന്തര മന്ത്രി ആശിഷ് സൂദ് അറിയിച്ചു.










