കാമുകനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതിന് പിന്നാലെയുണ്ടായ അമിത രക്തസ്രാവത്തെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. ഗുജറാത്ത് നവസരിയിലാണ് സംഭവം. നഴ്‌സിങ് ബിരുദധാരിയായ യുവതിയാണ് മരിച്ചത്. ലൈംഗിക ബന്ധത്തിനിടെ ലൈംഗീകാവയവത്തിന് പരിക്കേറ്റതിന് പിന്നാലെ രക്തസ്രാവമുണ്ടാവുകയായിരുന്നു. ഉടനടി ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം കാമുകനായ യുവാവ് ഇന്റർനെറ്റിൽ പ്രതിവിധി തിരയുകയാണുണ്ടായത്. ഇതോടെ യുവതിയുടെ ആരോഗ്യനില വഷളാകുകയും മരിക്കുകയുമായിരുന്നു. യുവതിയുടെ മരണത്തിൽ ഇരുപത്തിയാറുകാരനായ ആൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുജറാത്ത് നവസരിയിലെ ഹോട്ടലിൽ സെപ്റ്റംബർ 23 നാണ് യുവതിയും യുവാവും എത്തിയത്. ലൈംഗിക ബന്ധത്തിനിടെ യുവതിയ്ക്ക് മുറിവുകളുണ്ടായതിനെ തുടർന്ന് ഇരുവരും പരിഭ്രാന്തരായി. യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം രക്തസ്രാവം നിർത്താനുള്ള ശ്രമത്തിലായി യുവാവ്. ഇതാണ് സ്ഥിതി ഗുരുതരമാക്കിയത്. തുണിയുപയോഗിച്ച് രക്തസ്രാവം നിർത്താൻ യുവാവ് ശ്രമിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ കുറച്ചുസമയം കഴിഞ്ഞപ്പോൾ യുവതി ബോധരഹിതയായതോടെ യുവാവ് ഒരു സുഹൃത്തിനെ വിവരമറിയിക്കുകയും ഇരുവരും ചേർന്ന് യുവതിയെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം യുവതിയെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. യുവാവ് വിവരം അറിയിച്ചതനുസരിച്ച് യുവതിയുടെ ബന്ധുക്കൾ ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും യുവതി മരിച്ചിരുന്നു. തുടർന്ന് പോലീസ് പോസ്റ്റ്‌മോർട്ടം നിർദേശിക്കുകയും യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു.