
നഗരമധ്യത്തിൽ ബൈക്കിൽ സഞ്ചരിക്കവെ യുവതിയെ യുവാവ് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ നടന്ന സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഭുവനേശ്വറിലെ സ്റ്റുഡിയോ സ്ക്വയർ പ്രദേശത്താണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ബൈക്കിൽ ഒരുമിച്ച് സഞ്ചരിച്ചിരുന്ന യുവാവും യുവതിയും ദൃശ്യങ്ങളിൽ കാണപ്പെടുന്നു. യാത്രയ്ക്കിടെ ഒരു കൈകൊണ്ട് ബൈക്ക് നിയന്ത്രിച്ചുകൊണ്ട് യുവാവ് യുവതിയെ മർദിക്കുന്നതും മുടി പിടിച്ചുവലിക്കുന്നതും തലക്കും കഴുത്തിനും അടിക്കുന്നതും വീഡിയോയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
സമൂഹമാധ്യമമായ എക്സിൽ തരുൺ ഗൗതം എന്ന ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. പൊതുസ്ഥലത്ത് തന്നെ ഇത്തരത്തിൽ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്ന ഒരാളുടെ സ്വകാര്യ ജീവിതത്തിലെ പെരുമാറ്റം എത്രത്തോളം ഭീതിജനകമായിരിക്കാമെന്ന് അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഒഡിഷ പൊലീസ് അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയും രേഖപ്പെടുത്തി.
അതേസമയം, വീഡിയോയിൽ യുവാവിന്റെയും യുവതിയുടെയും മുഖം വ്യക്തമായി കാണുന്നില്ല. ഇവർ തമ്മിലുള്ള ബന്ധം എന്താണെന്നതിലും വ്യക്തതയില്ല. സംഭവം പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. വീഡിയോയിൽ കാണുന്ന യുവാവിനെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി.
He is literally punching her while riding bike with one hand in full public view. I don’t even want to imagine what he’d do to her in private.
— Tarun Gautam (@TARUNspeakss) May 3, 2026
It happened at Studio Square, Bhubaneswar, Odisha. No. of bike is clearly visible.
I hope Odisha Police @odisha_police takes action. pic.twitter.com/7fTImioMi5










