
തന്നെ ബലാത്സംഗം ചെയ്ത മകനെ അമ്മ വെട്ടിക്കൊന്നു. ഉത്തർപ്രദേശിലെ മാണ്ഡവാലിയിലാണ് സംഭവം. ശ്യാമിവാല ഗ്രാമവാസിയായ അമ്പത്താറുകാരിയാണ് മുപ്പത്തിരണ്ടുകാരനെ വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. അവിവാഹിതനാണ് മുപ്പത്തിരണ്ടുകാരൻ. ഈ മാസം ഏഴാം തീയതിയാണ് ഇയാളെ സ്വന്തം അമ്മ വെട്ടിക്കൊലപ്പെടുത്തിയത്. കള്ളന്മാർ വീട്ടിൽ കയറി മകനെ വെട്ടിക്കൊന്നു എന്നായിരുന്നു അമ്മ അയൽവാസികളോട് പറഞ്ഞത്. എന്നാൽ, പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കൃത്യം ചെയ്തത് താനാണെന്ന് തുറന്നു പറയുകയായിരുന്നു.
മകൻ മദ്യലഹരിയിൽ തന്നെ ബലാത്സംഗം ചെയ്തുവെന്ന് അമ്മ പൊലീസിന് മൊഴി നൽകി. പക്ഷേ ഇക്കാര്യം പുറത്ത് ആരോടും പറയാതെ മുന്നി മറച്ചുവെച്ചു. എന്നാൽ ഏഴാം തീയതി മകൻ വീണ്ടും കടന്നുപിടിക്കാൻ ശ്രമിച്ചു. ഇതിൽ നിന്ന് കുതറിമാറി രക്ഷപെട്ട അവർ കുറച്ചുനേരം വീട്ടിൽ നിന്നും മാറി നിന്നു. മകൻ ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം വീട്ടിലെത്തിയ സ്ത്രീ ഉറങ്ങിക്കിടക്കുകയായിരുന്ന മകനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ശേഷം വീട്ടിൽ കള്ളൻ കയറിയെന്നും അവർ മകനെ കൊലപ്പെടുത്തിയെന്നും ഇവർ നിലവിളിച്ചു. ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മുപ്പത്തിരണ്ടുകാരനെയാണ്. എന്നാൽ സംഭവസ്ഥലം സന്ദർശിച്ച പൊലീസിന് സംഭവത്തിൽ ദുരൂഹത തോന്നി. പൊലീസിൻറെ വിശദമായ ചോദ്യം ചെയ്യലിൽ അമ്പത്താറുകാരി സത്യം വെളിപ്പെടുത്തുകയായിരുന്നു.
മകൻ നേരത്തേ തന്നെ ബലാൽസംഗം ചെയ്തുവെന്നും രണ്ടാമത് ശ്രമം ഉണ്ടായതോടെ കൊലപ്പെടുത്തിയതാണെന്നും അമ്മ പൊലീസിന് മൊഴി നൽകി. കൊലപാതകത്തിന് ഉപയോഗിച്ച വാക്കത്തിയും രക്തക്കറ പുരണ്ട വസ്ത്രങ്ങളും പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.











