
ഓഹരി വിപണിയിൽ നിന്നും വൻ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിലായി. കോതമംഗലം അയ്യൻകാവ് പാരപ്പിള്ളി തോട്ടത്തിൽ അനുപമയാണ് (36) അറസ്റ്റിലായത്. ഓഹരി വിപണിയിൽ നിന്നും വൻ ലാഭം വാഗ്ദാനം ചെയ്ത് 4,95,000 രൂപ തട്ടിയെടുത്തെന്ന വടക്കഞ്ചേരി കാരയങ്കാട് സ്വദേശി മുഹമ്മദ് സഫ്വാന്റെ പരാതിയിലാണ് യുവതിയെ വടക്കഞ്ചേരി പൊലീസ് പിടികൂടിയത്.
2024 സെപ്റ്റംബറിനും ഡിസംബറിനും ഇടയിൽ പല ഘട്ടങ്ങളിലായി അനുപമ പണം വാങ്ങിയെന്നാണ് മുഹമ്മദിന്റെ പരാതി. മുഹമ്മദും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പിലെ അംഗമായിരുന്നു അനുപമ. ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭവിഹിതവും മുതലും നൽകാമെന്ന് പറഞ്ഞാണ് മുഹമ്മദിൽ നിന്നും പണം വാങ്ങിയത്. മറ്റു ജില്ലകളിലും അനുപമയ്ക്കെതിരെ പണത്തട്ടിപ്പിന് പരാതി ലഭിച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അനുപമയെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.








