
തിരുവനന്തപുരം: യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം കൈക്കലാക്കുകയും ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവതിയും ആൺസുഹൃത്തും പിടിയിൽ. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനി സൂര്യ (19), പാപ്പനംകോട് സ്വദേശി കൈലാസ് (20) എന്നിവരാണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്തൊൻപതുകാരനെയാണ് സൂര്യയും കൈലാസും ഹണിട്രാപ്പിൽ കുടുക്കിയത്. പത്തൊൻപതുകാരനെ സൂര്യ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയും സ്‌കൂട്ടറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നീട് ഇയാളെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു. യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു.തുടർന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പ്രതികൾ തട്ടിയെടുത്തു.
യോനോ ആപ്പ് വഴി 10,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റിച്ചു. മറ്റൊരു നമ്പറിലേക്ക് 2,500 രൂപ കൂടി അയപ്പിച്ചു. മർദ്ദനമേറ്റയാളുടെ പരാതിയിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ സൂര്യയെയും കൈലാസിനെയും കോടതി റിമാൻഡ് ചെയ്തു.










