
റീൽസ് ചിത്രീകരണത്തിന് പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവതിക്കും മകനും ദാരുണാന്ത്യം. പാലക്കാട് മാട്ടുമന്ത നടുവക്കാട്ട് പാളയത്ത് ശരത്തിന്റെ ഭാര്യ അഞ്ജു (26), മകൻ ശ്രിയാൻ ശരത്ത് (രണ്ട്) എന്നിവരാണ് മരിച്ചത്. സുഹൃത്ത് സൂര്യലക്ഷ്മിയോടൊപ്പം ഒറ്റപ്പാലം വരിക്കാശ്ശേരി മനയിലേക്ക് പോകവെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിനു സമീപം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അഞ്ജുവായിരുന്നു സ്കൂട്ടറോടിച്ചിരുന്നത്. പരിക്കേറ്റ സുഹൃത്ത് കല്ലേക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അഞ്ജുവിന്‍റെ ഭർത്താവ് ശരത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കലക്ഷൻ ഏജന്‍റാണ്. മരിച്ച ശ്രീജൻ ശരത്തിന്‍റെയും അഞ്ജുവിന്‍റെയും ഏകമകനാണ്. ഇന്നലെ വൈകീട്ടോടെ ഇരുവരുടെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ ഇന്ന് വീട്ടിലേക്ക് കൊണ്ടുപോകും. മണികണ്ഠനാണ് അഞ്ജുവിന്‍റെ പിതാവ്. മാതാവ്: സുമതി. മഞ്ജു, റിഞ്ചു എന്നിവർ സഹോദരങ്ങളാണ്. ശരത്തിന്‍റെ അമ്മ സരസു മലേഷ്യയിലാണ് ജോലി ചെയ്യുന്നത്. ഇവർ എത്തിയശേഷം ഇന്ന് സംസ്കാരം നടത്തുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.











