09:51am 30 April 2026
NEWS

മകളെയും കാമുകനെയും കൊലപ്പെടുത്തിയ മാതാപിതാക്കൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

07/01/2025  07:21 AM IST
nila
 മകളെയും കാമുകനെയും കൊലപ്പെടുത്തിയ മാതാപിതാക്കൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

ലഖ്‌നൗ: പാതിരാത്രിയിൽ മകളെ കാണാനെത്തിയ കാമുകനെയും മകളെയും കൊലപ്പെടുത്തിയ മാതാപിതാക്കൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലളിത്പുരിലാണ് സംഭവം.  ബിഗ എന്ന ഗ്രാമത്തിലെ ജഗൗര പ്രദേശവാസിയായ കാമിനി സാഹു(19), കാമുകൻ മിഥുൻ കുശവാഹ(22) എന്നിവരുടെ മരണത്തിലാണ് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട യുവതിയുടെ അമ്മ രാംദേവി സാഹു, അച്ഛൻ സുനിൽ സാഹു, അമ്മാവൻ ദേശ്‌രാജ് സാഹു എന്നിവരാണ് അറസ്റ്റിലായത്.

കമിതാക്കളെ പ്രതികൾ വിഷം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജനുവരി ഒന്നിന് അർധരാത്രിയാണ് സംഭവം നടന്നത്. കൊലപ്പെടുത്തിയ ശേഷം ആത്മ​ഹത്യയെന്ന് വരുത്തിതീർക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇരുവരെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ മാതാപിതാക്കളും അമ്മാവനും അറസ്റ്റിലാകുന്നത്. 

കൊലപാതകത്തെ കുറിച്ച് ലളിത്പുർ എസ്.പി. മുഹമ്മദ് മുഷ്താഖ് പറയുന്നതിങ്ങനെ:

മിഥുനുമായുള്ള കാമിനിയുടെ പ്രണയബന്ധം പെൺകുട്ടിയുടെ വീട്ടിൽ അംഗീകരിച്ചിരുന്നില്ല. ഇരുവീട്ടുകാർക്കും ഈ ബന്ധത്തിൽ എതിർപ്പുണ്ടായിരുന്നു. തുടർന്ന് നടത്തിയ പഞ്ചായത്ത് ചർച്ചയിൽ പെൺകുട്ടി വിവാഹിതയാകുന്നതുവരെ മിഥുൻ കുശവാഹയോട് ഗ്രാമംവിട്ട് പുറത്ത് താമസിക്കാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം തൊട്ടടുത്ത ഗ്രാമത്തിൽ തന്റെ അമ്മാവന്റെ കൂടെയാണ് ഇയാൾ താമസിച്ചിരുന്നത്. എന്നാൽ രാത്രി വൈകി മിഥുൻ പെൺകുട്ടിയെ കാണാനെത്തുമായിരുന്നു.

കാമിനി സാഹുവിന്റെ കുടുംബത്തിന് മിഖുൻ കുശ്വാഹയുടെ പതിവ് സന്ദർശനങ്ങളെക്കുറിച്ച് അറിയാമായിരുന്നു. ജനുവരി ഒന്നിന് പെൺകുട്ടിയുടെ ജന്മദിനമായതിനാൽ മിഥുൻ വരുമെന്ന് അവർ ഉറപ്പിച്ചു. പ്രതീക്ഷ തെറ്റിക്കാതെ വീട്ടിലെത്തിയ മിഥുനെ പെൺകുട്ടിയുടെ വീട്ടുകാർ പിടികൂടുകയും കൈകൾ കൂട്ടിക്കെട്ടി ബലംപ്രയോഗിച്ച് വിഷം കുടിപ്പിക്കുകയും ചെയ്തു. ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

കൊലപാതകവിവരം പോലീസിൽ അറിയിക്കുമെന്ന് വീട്ടുകാരോട് പറഞ്ഞതിനെ തുടർന്ന് പെൺകുട്ടിയേയും ഇവർ ബലംപ്രയോഗിച്ച് വിഷം കുടിപ്പിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

ഇരുവരേയും കൊലപ്പെടുത്തിയശേഷം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാനായി മിഥുന്റെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കുകയും പെൺകുട്ടിയുടെ മൃതദേഹം വീടിന് പിൻവശത്തെ പറമ്പിൽ കുഴിച്ചിടുകയും ചെയ്തു. ജനുവരി ഒന്നിന് രാവിലെ മുതൽ പെൺകുട്ടിയെ കാണാതായെന്ന് പറഞ്ഞ് വീട്ടുകാർ നാട്ടുകാർക്കൊപ്പം വ്യാജ തിരച്ചിൽ നടത്തി.

രണ്ടുപേരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയതോടെ അന്തരീക്ഷം മോശമായി. ആത്മഹത്യയാണെന്ന് സംശയിച്ചതിനാൽ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാൻ അയച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടുകൂടിയാണ് ഇരുവരും കഴുത്ത് ഞെരിക്കപ്പെട്ടാണ് മരിച്ചതെന്ന വിവരം പുറംലോകമറിഞ്ഞത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img