02:01pm 13 November 2026
NEWS
വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി
13/08/2026  04:32 PM IST
nila
വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

കൊച്ചി: വടക്കൻ പറവൂരിൽ 26കാരിയായ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ചൂണ്ടി സ്വദേശിനി സുരമ്യയാണ് മരിച്ചത്. സംഭവത്തിൽ തുരുത്തിപ്പുറം സ്വദേശി ഷിബിനെ (34) വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.

ആറ് വർഷമായി പ്രണയത്തിലായിരുന്ന സുരമ്യയും ഷിബിനും തമ്മിൽ കുറച്ചുകാലമായി തർക്കങ്ങൾ നിലനിന്നിരുന്നതായാണ് വിവരം. ബന്ധം അവസാനിപ്പിക്കാൻ സുരമ്യ തീരുമാനിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഷിബിന്റെ മൊഴി.

കൊടുങ്ങല്ലൂരിലേക്ക് പോകാനെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിൽനിന്ന് ഇറങ്ങിയ സുരമ്യ, ഷിബിന്റെ ഫോൺവിളിയെ തുടർന്ന് പറവൂരിൽ ബസ് ഇറങ്ങി. തുടർന്ന് ഷിബിൻ ബൈക്കിൽ സുരമ്യയെ വടക്കേക്കര മുറവൻതുരുത്തിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി.

രാവിലെ പത്തുമണിയോടെ വീട്ടിൽവച്ച് ഇരുവരും ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഷിബിൻ കറിക്കത്തി ഉപയോഗിച്ച് സുരമ്യയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബന്ധം വേർപിരിയുന്നതുമായി ബന്ധപ്പെട്ട് ഇരുവരും നേരത്തെയും തർക്കിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ വടക്കേക്കര പൊലീസ് അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img