
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മന്ത്രിസഭ രൂപീകരണം വൈകുന്നതിന് പിന്നാലെ സ്കൂൾ വിദ്യാഭ്യാസ രംഗവും പ്രതിസന്ധിയിലേക്ക്. അധ്യയനവർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പാഠപുസ്തക വിതരണത്തിലും അധ്യാപക പരിശീലനത്തിലും വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ജൂൺ ഒന്നിന് സ്കൂൾ തുറക്കുമ്പോഴേക്കും മുഴുവൻ പാഠപുസ്തകങ്ങളും വിദ്യാർഥികൾക്ക് ലഭ്യമാകില്ലെന്ന ആശങ്ക ശക്തമാണ്. ഏകദേശം മൂന്നരക്കോടി പുസ്തകങ്ങൾ അച്ചടിക്കേണ്ടതുണ്ടെങ്കിലും ഇതുവരെ പൂർത്തിയായത് 79 ലക്ഷം മാത്രം. കവർപേജിനുള്ള പേപ്പർ ക്ഷാമവും കുടിശ്ശികയെ തുടർന്ന് തമിഴ്നാട്ടിൽ നിന്ന് പേപ്പർ ലഭിക്കാതിരുന്നതുമാണ് അച്ചടി വൈകാൻ പ്രധാന കാരണം.
ധനവകുപ്പിന്റെ ഇടപെടലിനെ തുടർന്ന് ഏഴുകോടി രൂപ അനുവദിക്കാൻ തീരുമാനിച്ചെങ്കിലും, വിതരണം സ്കൂൾ തുറന്നതിന് ശേഷമേ പൂർത്തിയാക്കാനാകൂവെന്നാണ് സൂചന. ഒന്നാം വാല്യ പുസ്തകങ്ങൾ ജൂൺ ഒന്നിന് മുമ്പ് സ്കൂളുകളിലെത്തിക്കണമെന്നായിരുന്നു മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചിരുന്നത്.
അതേസമയം അധ്യാപക പരിശീലനവും പ്രതിസന്ധിയിലാണ്. പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് കേന്ദ്രസർക്കാർ ഫണ്ട് തടഞ്ഞതോടെ പരിശീലന പരിപാടികൾ നിലച്ചിരിക്കുകയാണ്. ആവശ്യമായ നാലുകോടി രൂപ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ പഴയ മൊഡ്യൂളുകൾ ഉപയോഗിച്ച് ഓൺലൈൻ പരിശീലനം നടത്താനാണ് എസ്.സി.ഇ.ആർ.ടി. ആലോചിക്കുന്നത്.
അധ്യാപകരുടെ സ്ഥലംമാറ്റ നടപടികളും ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. അപേക്ഷകളും മാർഗരേഖകളും തയ്യാറായിട്ടും ഉത്തരവിറക്കുന്നതിൽ വൈകുന്നതായി അധ്യാപകർ ആരോപിക്കുന്നു. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഇതുവരെ വ്യക്തമായ പരിഹാരം ഉണ്ടായിട്ടില്ല.











