
തിരുവനന്തപുരം: മുപ്പതാമത് ചലച്ചിത്രമേളയുടെ പ്രധാനവേദിയായ ടാഗോർ തിയേറ്ററിൽ ചലച്ചിത്രപ്രേമികളും രാഷ്‌ട്രീയ-സാംസ്‌കാരിക പ്രവർത്തകരും ഒത്തുചേർന്ന് 'അവൾക്കൊപ്പമെന്ന്' പ്രഖ്യാപിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയുടെ പശ്ചാത്തലത്തിലാണ് 'അവൾക്കൊപ്പം' എന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ ബാഡ്ജുകൾ ഡെലിഗേറ്റുകൾ നെഞ്ചോടുചേർത്ത് തങ്ങളുടെ നിലപാട് അറിയിച്ചത്.
'അവൾക്കൊപ്പം, നീതിക്കൊപ്പം, സ്ത്രീസുരക്ഷ നാടിൻ സുരക്ഷ' എന്ന മുദ്രാവാക്യം ടാഗോർ തിയേറ്റർ പരിസരത്ത് മുഴങ്ങി. വിദേശ ഡെലിഗേറ്റുകൾ ഉൾപ്പെടെ ഐക്യദാർഢ്യത്തിൽ പങ്കുചേർന്നു.
ഗൂഢാലോചനക്കാരെ ശിക്ഷിക്കാനായില്ല: എം.വി. ഗോവിന്ദൻ
നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽക്കൊണ്ടു വന്ന് ശിക്ഷിക്കുക എന്നത് കേരളത്തിലെ ഓരോരുത്തരുടെയും ചുമതലയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽക്കൊണ്ടു വന്ന് ശിക്ഷിക്കാൻ പൂർണമായി സാധിച്ചില്ല. ഇത് ജുഡീഷ്യറിയുടെ പരിമിതിയാണെന്നും അതിനെ ഗൗരവപൂർവം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടി റീമ കല്ലിങ്കൽ, ബീനാ പോൾ, ആർ.പാർവതി ദേവി, സജിത മഠത്തിൽ, ഭാഗ്യ ലക്ഷ്മി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. ഇനിയുള്ള തലമുറയ്ക്ക് പ്രതീക്ഷ നഷ്ടപ്പെടാതിരിക്കാൻ ഈ പ്രതിഷേധം തുടരണമെന്നും പിന്തുണയിൽ നിന്ന് പിന്നോട്ട് പോകരുതെന്നും റീമ കല്ലിങ്കൽ ആവശ്യപ്പെട്ടു.
കെ.എസ്.ആർ.ടി.സി. ബസിൽ ദിലീപ് സിനിമ; പ്രതിഷേധം
പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി വന്നതിന് പിന്നാലെ, കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിലെ സ്ക്രീനിൽ നടൻ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം.
തിരുവനന്തപുരത്ത് നിന്ന് തൊട്ടിൽപ്പാലത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിൽ 'പറക്കുംതളിക' എന്ന സിനിമയാണ് പ്രദർശിപ്പിച്ചത്. ദിലീപിന്റെ സിനിമ നിർത്തണമെന്ന് യാത്രക്കാരിയായ ലക്ഷ്മി ശേഖർ ആവശ്യപ്പെട്ടു. കണ്ടക്ടർ തയ്യാറാകാതിരുന്നതിനെ തുടർന്ന് സ്ത്രീ യാത്രക്കാർ ഉൾപ്പെടെ തർക്കത്തിലായി. കൂടുതൽ യാത്രക്കാർ പ്രതിഷേധിക്കുകയും ഇറങ്ങിപ്പോകുമെന്ന് അറിയിക്കുകയും ചെയ്തതോടെ സിനിമയുടെ പ്രദർശനം നിർത്തിവെച്ചു.
ചില പുരുഷ യാത്രക്കാർ കോടതി വെറുതെ വിട്ടതല്ലേയെന്ന് ചോദിച്ചെങ്കിലും, ഭൂരിപക്ഷം യാത്രക്കാരും സിനിമ നിർത്തണമെന്ന നിലപാടിലായിരുന്നു.











