
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിനും, തദ്ദേശ തിരഞ്ഞെടുപ്പിനും മാസങ്ങൾ മാത്രം ശേഷിക്കെ, ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള എട്ട് ബില്ലുകൾ അവതരിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ നീക്കം സർക്കാരിന് രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഈ ബില്ലുകൾ അവതരിപ്പിക്കും.
പ്രധാന ബില്ലുകളും അവയുടെ ലക്ഷ്യങ്ങളും
വനം, വന്യജീവി സംരക്ഷണ നിയമഭേദഗതി: മനുഷ്യരെ ആക്രമിക്കുന്ന ആന, കടുവ, പുലി തുടങ്ങിയ വന്യജീവികളെ വെടിവയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്നതിനുള്ള നിയമം. കൂടാതെ, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കൊല്ലാനും ഇറച്ചി ഉപയോഗിക്കാനും അനുമതി നൽകും.
വനനിയമഭേദഗതി: സ്വകാര്യഭൂമിയിലുള്ള ചന്ദനമരം വനംവകുപ്പ് വഴി മുറിച്ചുവിറ്റ് പണം സ്വീകരിക്കാൻ ഉടമസ്ഥർക്ക് അനുമതി നൽകുന്നു.
ഏക പാർപ്പിടത്തിന്റെ ജപ്തി ഒഴിവാക്കൽ: ഒരു വീട് മാത്രമുള്ളവരെ ജപ്തി നടപടികളിൽ നിന്ന് സംരക്ഷിക്കാനുള്ള നിയമനിർമ്മാണം.
കയർ തൊഴിലാളി ക്ഷേമനിധി: കയർ തൊഴിലാളി ക്ഷേമനിധിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള ഭേദഗതി.
കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബിൽ (2025): വ്യവസായ മേഖലയിലെ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുള്ള നിയമഭേദഗതി.
മുനിസിപ്പൽ-പഞ്ചായത്ത് ആക്ടുകളിൽ ഭേദഗതി: ഹൈക്കോടതി വിധി മറികടന്ന്, ബോർഡുകളും കമാനങ്ങളും സ്ഥാപിക്കുന്നതിന് നിയമപരമായ അനുമതി നൽകുന്നതിനുള്ള രണ്ട് ബില്ലുകൾ.
കേരള സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി ക്രമവൽക്കരണ ബിൽ (2025): ഡിജിറ്റൽ റീസർവേയിൽ സ്വന്തം പറമ്പിൽ അധികമായി കണ്ടെത്തുന്ന ഭൂമിക്ക് നികുതിയടച്ച് നിയമപരമായി സ്വന്തമാക്കാൻ അവസരം നൽകുന്നു.
കാളപൂട്ട്, കന്നുപൂട്ട് മത്സരങ്ങൾക്കുള്ള നിയമം: കാളപൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങൾ എന്നിവ തുടർന്നും നടത്താൻ ആവശ്യമായ നിയമനിർമ്മാണം.
സഭാസമ്മേളനം പ്രക്ഷുബ്ധമായേക്കും
തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടക്കുന്ന ഈ നിയമസഭാ സമ്മേളനം രാഷ്ട്രീയമായി ഏറെ പ്രാധാന്യമർഹിക്കുന്നു. പോലീസ് മർദ്ദനം, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ആരോപണം, ഡി.ജി.പി. എസ്.ഐ.ആർ., സർവകലാശാലാ ഭരണസ്തംഭനം തുടങ്ങിയ വിഷയങ്ങൾ സഭയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെക്കും. ഒക്ടോബർ 9 വരെ നീളുന്ന സമ്മേളനം 12 ദിവസമാണ് നടക്കുക. ഈ സമ്മേളനം വി.എസ്. അച്യുതാനന്ദൻ, വാഴൂർ സോമൻ എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് ആരംഭിക്കുക. കൂടാതെ, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്ത് ആദ്യമായി സഭയിലെത്തും. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് പ്രത്യേക ബ്ലോക്ക് അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.











