
ദോഹ:കൃത്രിമബുദ്ധിയുടെ(AI)അനുയോജ്യമായ ഉപയോഗത്തെക്കുറിച്ചും, അവ ഉത്തരവാദിത്തത്തോടെ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം വളർത്തുന്നതിനായി ഖത്തർ കൾച്ചറൽ സെന്റർ ഫോർ ദി ബ്ലൈൻഡ് (Qatar Cultural Center for the Blind) സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു. 'കൃത്രിമബുദ്ധി: സഹായവും അമിതാശ്രയത്വവും തമ്മിൽ' (Artificial Intelligence: Between Assistance and Reliance) എന്ന വിഷയത്തിലായിരുന്നു സെമിനാർ.
എ.ഐ എന്നത് മനുഷ്യന് പൂർണ്ണമായൊരു പകരക്കാരനോ അന്ധമായി ആശ്രയിക്കേണ്ട ഒന്നോ അല്ലെന്ന് സെമിനാറിന് തുടക്കം കുറിച്ചുകൊണ്ട് സെന്റർ അംഗം മുഹമ്മദ് ഷാഫി അൽ ഫഹീദ പറഞ്ഞു. കൃത്യമായി ഉപയോഗിച്ചാൽ ഉൽപ്പാദനക്ഷമതയും പ്രവർത്തന മികവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു സഹായ ഉപകരണ മാത്രമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തനം, പബ്ലിക് റിലേഷൻസ് തുടങ്ങിയ വിവിധ തൊഴിൽ മേഖലകളിൽ എ.ഐ വഹിക്കുന്ന പങ്കിനെക്കുറിച്ച് സംസാരിച്ച അദ്ദേഹം, പ്രാഥമിക വിവരങ്ങൾ ക്രോഡീകരിക്കാനും ഡ്രാഫ്റ്റുകൾ തയ്യാറാക്കാനും എ.ഐക്ക് കഴിയുമെങ്കിലും ഉള്ളടക്കത്തിന്റെ ഗുണനിലവാരം ഉപയോക്താവിന്റെ പരിചയസമ്പത്തിനെയും അപഗ്രഥന ശേഷിയെയും ആശ്രയിച്ചിരിക്കുമെന്നും കൂട്ടിച്ചേർത്തു.
സാങ്കേതികവിദ്യ എത്രത്തോളം വളർന്നാലും മൗലികമായ ചിന്താശേഷിയും കഴിവുകളും നിരന്തരം വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എ.ഐ സാങ്കേതികവിദ്യകളെ പൂർണ്ണമായി ആശ്രയിക്കുന്നത് മനുഷ്യന്റെ വിശകലന ശേഷിയെയും വിമർശനാത്മക ചിന്തയെയും ദോഷകരമായി ബാധിച്ചേക്കാം.മനുഷ്യന്റെ കഴിവുകൾക്ക് പകരമാകാനല്ല, മറിച്ച് പഠനത്തിലും ജോലിയിലും ഒരു സഹായക പങ്കാളിയാകാനാണ് എ.ഐക്ക് സാധിക്കുകയെന്നും, സാങ്കേതികവിദ്യയെ വിവേകപൂർവ്വം ഉപയോഗിക്കുന്നതിലൂടെ മാത്രമേ അതിന്റെ പൂർണ്ണമായ പ്രയോജനം ലഭിക്കൂ എന്നും സെമിനാർ ഓർമ്മിപ്പിച്ചു.











