
ദോഹ:ഖത്തറിൽ ശക്തമായ തണുപ്പ് അനുഭവപ്പെടുന്ന സാഹചര്യത്തിലേക്ക് കാലാവസ്ഥ മാറുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച രാത്രി വൈകിയും വെള്ളിയാഴ്ച പുലർച്ചെയോടെയും വരെ രാജ്യത്ത് ലോ-പ്രഷർ സിസ്റ്റത്തിന്റെ സ്വാധീനം തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുല്ല മുഹമ്മദ് അൽ മന്നൈ വ്യക്തമാക്കി.സിസ്റ്റം കടന്നുപോയതിന് പിന്നാലെ വടക്കുപടിഞ്ഞാറൻ കാറ്റുകൾ ശക്തമാകുമെന്നും, അതോടെ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ താപനിലയിൽ വ്യക്തമായ ഇടിവ് രേഖപ്പെടുത്തുമെന്നും അദ്ദേഹം ഖത്തർ ന്യൂസ് ഏജൻസിയോട് (QNA) പറഞ്ഞു.ഈ സീസണിലെ ആദ്യ പ്രധാന ലോ-പ്രഷർ കാലാവസ്ഥാ പ്രതിഭാസമാണിതെന്നും, അന്തരീക്ഷത്തിന്റെ മുകളിലെ പാളികളിൽ തണുത്ത ധ്രുവവായു (polar winds) വ്യാപിച്ചതാണ് ഇതിന് കാരണമെന്നും അൽ മന്നൈ വിശദീകരിച്ചു. ശീതകാലത്തിന്റെ വ്യക്തമായ ലക്ഷണങ്ങളാണ് ഈ കാലാവസ്ഥാ വ്യതിയാനങ്ങൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മണിക്കൂറുകളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴ, കാറ്റ്, ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷം എന്നിവ റിപ്പോർട്ട് ചെയ്തു. ലോ-പ്രഷർ സിസ്റ്റത്തിന്റെ ആഴം, മുകളിലത്തെ അന്തരീക്ഷത്തിലെ തണുത്ത വായു, മധ്യനിലകളിലെ വരണ്ട വായു തുടങ്ങിയ ഘടകങ്ങളാണ് ശക്തമായ ഇടിമിന്നൽ മേഘങ്ങളും ആലിപ്പഴ വർഷവും രൂപപ്പെടാൻ കാരണമായതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.രാജ്യത്ത് തണുത്ത കാലാവസ്ഥ ശക്തമാകുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നുംഅധികൃതർ അറിയിച്ചു.











